ഡൽഹി∙ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണെങ്കിലും ആദ്യദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാരെ ബാധിക്കുന്നതിന്റെ ആഘാതം കുറഞ്ഞിട്ടുണ്ട്. പുതിയ ഡിജിസിഎ നിയമങ്ങൾ പ്രകാരം ഇൻഡിഗോ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയെത്തുടർന്നായിരുന്നു ഒരാഴ്ചയിലേറെ നീണ്ട വ്യാപകമായ വിമാന സർവീസ് റദ്ദാക്കലുകളും വൈകലുകളും ഉണ്ടായത്. മിക്ക വിമാനത്താവളങ്ങളിലെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ ഏതാണ്ട് കൃത്യസമയം പാലിച്ചാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ നീണ്ട നിര കുറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരുടെ എണ്ണത്തിൽ സ്ഥിരത കൈവരുന്നുണ്ടെന്നും ഇൻഡിഗോ പറയുന്നു.
എങ്കിലും, റീഫണ്ട്, റീബുക്കിങ് സൗകര്യങ്ങൾ, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധന തുടങ്ങിയ കാര്യങ്ങളിലും ഇൻഡിഗോ ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യുമ്പോൾ എന്ത് പ്രതീക്ഷിക്കണമെന്ന് അറിയാതെ പല യാത്രക്കാരും ആശയക്കുഴപ്പത്തിലാണ്. റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ, അടുത്തിടെ യാത്ര ചെയ്തവരിൽനിന്ന് പ്രായോഗികമായ ഉപദേശം തേടുന്ന യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇൻഡിഗോയിൽ ഉണ്ടായ പ്രതിസന്ധി എന്താണ്? എന്തൊക്കെയാണ് സ്വീകരിച്ച നടപടികൾ ? വിശദമായി അറിയാം.
ദിവസങ്ങളായി നെറ്റ്‌വർക്കിലുടനീളം നേരിട്ട പ്രതിസന്ധികളിൽ പുരോഗതി കൈവരിച്ചതായി ഇൻഡിഗോ ഇന്നലെ പ്രസ്താവന പുറത്തിറക്കിയിരുന്നു. പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചുവെന്നും വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രകാരം എല്ലാ വിമാനങ്ങളും ക്രമീകരിച്ച നെറ്റ്‌വർക്കിൽ സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും കമ്പനി പറഞ്ഞിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ മിക്കവാറും എല്ലാ ബാഗേജുകളും ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എത്രയും പെട്ടെന്ന് എത്തിക്കാനായി സംഘം പ്രവർത്തിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എത്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും റദ്ദാക്കലുകളെയും റീഫണ്ടുകളെയും കുറിച്ച് ഇൻഡിഗോയുടെ മറുപടികൾ ഇങ്ങനെ.
1800 ൽ അധികം വിമാനങ്ങൾ സർവീസ് നടത്തുന്നതായി ഇൻഡിഗോ പറയുന്നു. അവരുടെ നെറ്റ്‌വർക്കിലെ 138 സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ. ഇന്ന് ഏകദേശം 1900 വിമാനങ്ങൾ സർവീസ് നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും എയർലൈൻ അറിയിച്ചു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയെന്നും വിമാനങ്ങളുടെ കൃത്യനിഷ്ഠ സാധാരണ നിലയിലായെന്നും എയർലൈൻ അറിയിച്ചു.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയാൽ ഉപഭോക്താക്കൾക്ക് വെബ്സൈറ്റിലെ ലളിതമായ പ്രക്രിയയിലൂടെ (ചോദ്യങ്ങളൊന്നും ചോദിക്കാതെ) മുഴുവൻ തുകയും തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓട്ടമേറ്റഡ് ആക്കിയിട്ടുണ്ടെന്ന് എയർലൈൻ വ്യക്തമാക്കി.
മുഴുവൻ പണവും തിരികെ നൽകാനും ഫീസുകൾ ഒഴിവാക്കാനും 48 മണിക്കൂറിനുള്ളിൽ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനും ഇൻഡിഗോയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല, വിമാന സർവീസുകൾ 10% കുറയ്ക്കാനും സർക്കാർ ഇൻഡിഗോയോട് നിർദേശിച്ചു. എന്നാൽ അവസാന നിമിഷം മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കേണ്ടി വന്നവർക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് എന്ത് പരിഹാരം ലഭിക്കുമെന്നതിൽ വ്യക്തതയില്ല.
എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും റീഫണ്ടിനായുള്ള സഹായം അവരുടെ കസ്റ്റമർ സപ്പോർട്ട് ചാനലുകൾ വഴിയും തേടാമെന്നും എയർലൈൻ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, പൈലറ്റുമാരുടെയും ജീവനക്കാരുടെയും ക്ഷാമം കാരണം രാജ്യവ്യാപകമായി ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വിവാദം. മുന്നറിയിപ്പില്ലാതെ സർവീസുകൾ മുടങ്ങിയത് യാത്രക്കാരെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കി.
പൈലറ്റുമാരുടെ ജോലി സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ എഫ്ഡിടിഎൽ (ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ്) നിയമങ്ങൾ നടപ്പിലായതാണു പ്രധാന കാരണം. പൈലറ്റുമാർക്കു മതിയായ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ നിയമങ്ങൾ പാലിക്കാൻ ഇൻഡിഗോയ്ക്ക് ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാതെ വന്നതോടെ, ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇൻഡിഗോയുടെ മാനേജ്‌മെന്റ് പിഴവാണിതെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയും കുറ്റപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.