ബെംഗളൂരു : സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്ന കേസിൽ രണ്ട് പോലീസ് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.
കർണാടകത്തിലെ ദാവണഗെരെയിലാണ് സംഭവം. ഹാവേരി ജില്ലയിൽനിന്ന് അടുത്തിടെ ദാവണഗെരെ ഈസ്റ്റേൺ റെയ്‌ഞ്ചിലേക്ക് സ്ഥലംമാറിയെത്തിയ സബ് ഇൻസ്പെക്ടർമാരായ മാലപ്പ ചിപ്പലകട്ടെ, പ്രവീൺകുമാർ എന്നിവരും വിനായകനഗർ സ്വദേശി സതീഷ് രേവണ്ണവർ, സിർസി സ്വദേശി നാഗരാജ് രെവൽകർ, ദുണ്ടപ്പ, നാഗേഷ്, ദിലയപ്പ എന്നിവരുമാണ് അറസ്റ്റിലായത്.
കാർവാർ സ്വദേശി വിശ്വനാഥ് അർകശാലിയെയാണ് ഇവർ കവർച്ചചെയ്തത്. ഹുബ്ബള്ളിയിലെ ജൂവലറി ഉടമകളിൽനിന്ന് ശേഖരിച്ച 76 ഗ്രാം സ്വർണക്കട്ടിയും 2.15 ഗ്രാം തൂക്കമുള്ള സ്വർണമോതിരവുമാണ് വിശ്വനാഥിന്റെ കൈവശമുണ്ടായിരുന്നത്.
ബസിൽ ദാവണഗെരെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ഇയാളെ എസ്‌ഐമാർ ആദ്യം പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് സ്വകാര്യ കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. പിന്നീട് ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു.
വിശ്വനാഥൻ നൽകിയ പരാതിയിൽ കേസെടുത്ത ദാവണഗെരെ കെടിജെ നഗർ പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. കവർന്ന സ്വർണവും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും വ്യാജതോക്കും പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
