ബെംഗളൂരു: കര്‍ണാടകയില്‍ നടക്കുന്ന ജാതിസര്‍വേ ബഹിഷ്‌കരിച്ച ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിക്കും ഭാര്യ സുധാ മൂര്‍ത്തിക്കുമെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.
പിന്നാക്ക വിഭാഗങ്ങള്‍ക്കുളള സര്‍വേയല്ല മുഴുവന്‍ ജനസംഖ്യയുടെയും കണക്കെടുപ്പാണ് നടക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവര്‍ ഇന്‍ഫോസിസുകാരാണ്, അതുകൊണ്ടുമാത്രം അവര്‍ എല്ലാം അറിയുന്നവരാണോ എന്നും അവര്‍ക്ക് കാര്യം മനസിലായിട്ടില്ലെങ്കില്‍ തനിക്ക് എന്തുചെയ്യാനാകുമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്.’
ഇന്‍ഫോസിസ് സ്ഥാപകന്‍ എന്നാല്‍ ബുദ്ധിമാന്‍ എന്നാണോ അര്‍ത്ഥം? പിന്നാക്ക സര്‍വേയല്ല എല്ലാവരുടെയും സര്‍വേയാണ് നടക്കുന്നതെന്ന് ഞങ്ങള്‍ 20 തവണ പറഞ്ഞിട്ടുണ്ട്.
അവര്‍ക്ക് ഇത് മനസിലായിട്ടില്ല. എനിക്ക് അതില്‍ എന്തുചെയ്യാനാകും? ഇന്‍ഫോസിസ് ആയതുകൊണ്ടുമാത്രം അവര്‍ക്ക് എല്ലാം അറിയാമോ? ഞങ്ങള്‍ പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും സുധാ മൂര്‍ത്തിയും നാരായണ മൂര്‍ത്തിയും ഇത് പിന്നാക്ക വിഭാഗ സര്‍വേയാണെന്ന് കരുതുന്നു.
കേന്ദ്രസര്‍ക്കാരും സര്‍വേ നടത്തുന്നുണ്ട്. അവര്‍ അപ്പോള്‍ എന്തുചെയ്യും? അവര്‍ക്ക് തെറ്റായ വിവരങ്ങള്‍ ലഭിച്ചതാകാം’: സിദ്ധരാമയ്യ പറഞ്ഞു.കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ജാതി സര്‍വേ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയും ബഹിഷ്‌കരിച്ചിരുന്നു.
തങ്ങള്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരല്ല, അതിനാല്‍ സര്‍വേ പ്രകാരം വിവരങ്ങള്‍ നല്‍കിയതുകൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് വ്യക്തമാക്കിയാണ് ഇരുവരും സര്‍വേ ബഹിഷ്‌കരിച്ചത്. വിവരങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് എഴുതി ഒപ്പിട്ടുനല്‍കുകയും ചെയ്തു. ബിജെപിയുടെ പ്രേരണയിലാണ് സര്‍വേ ബഹിഷ്‌കരിക്കാന്‍ നാരായണമൂര്‍ത്തിയും സുധാ മൂര്‍ത്തിയും തീരുമാനിച്ചതെന്നാണ് കര്‍ണാടക ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പ്രതികരിച്ചത്.
സാമൂഹ്യപ്രവര്‍ത്തക കൂടിയായ സുധാ മൂര്‍ത്തിയെ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുളള ശ്രമമാണ് കര്‍ണാടക പിന്നാക്ക കമ്മീഷന്‍ നടത്തുന്നതെന്നും സര്‍വേ ബഹിഷ്‌കരിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.