ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവും പ്രതികളായ മുഡ ഭൂമിദാന അഴിമതിക്കേസിൽ അന്വേഷണം രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ബെംഗളൂരുവിലെ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി കർണാടക ലോകായുക്തയോട് നിർദേശിച്ചു. മൈസൂരുവിലെ വിവരാവകാശപ്രവർത്തകനും കേസിലെ പരാതിക്കാരനുമായ സ്നേഹമയി കൃഷ്ണയുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
എന്നാൽ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ടുമായ ടി.ജെ. ഉദേഷിനെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള കൃഷ്ണയുടെ ഹർജി കോടതി തള്ളി.
സിദ്ധരാമയ്യയ്ക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് നൽകി ടി.ജെ. ഉദേഷ് സമർപ്പിച്ച ‘ബി’ റിപ്പോർട്ട് ചോദ്യംചെയ്താണ് കൃഷ്ണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. അന്വേഷണം പൂർത്തിയായതിനുശേഷംമാത്രമേ ബി റിപ്പോർട്ടിൽ തീരുമാനമെടുക്കൂവെന്നും കോടതി വ്യക്തമാക്കി.
കേസിൽ ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദേശത്തെത്തുടർന്ന് 2024 സെപ്റ്റംബറിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കേസിൽ ഒന്നാംപ്രതി. ഭാര്യ ബി.എൻ. പാർവതി, സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുൻ സ്വാമി എന്നിവരും പ്രതികളാണ്.പാർവതിക്ക് അവരുടെ സഹോദരൻ മല്ലികാർജുൻ സ്വാമി നൽകിയ ഭൂമി, മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു.
ഇതിനുപകരമായി പാർവതിക്ക് വിജയപുരയിലെ ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനെക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. ഭൂമി ഇടപാടിൽ വൻ അഴിമതി നടന്നെന്ന ആരോപണം ശക്തമായതിനെത്തുടർന്ന് ഏറ്റെടുത്ത പ്ലോട്ടുകൾ 2024 ഒക്ടോബർ മൂന്നിന് പാർവതി മുഡയ്ക്ക് തിരിച്ചുനൽകിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.