ബെംഗളൂരു : നഗരത്തിൽ ദേഷ്യത്തോടെ കണ്ണുതള്ളി തുറിച്ചുനോക്കുന്ന ഒരു സ്ത്രീയുടെ ചിത്രം കോറമംഗലയിലെ അടച്ചിട്ട ഒരു പബ്ബിന്റെ പ്രവേശന കവാടത്തില്‍ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതായി ഒരു വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. വഴിയാത്രക്കാരന്റെ ശ്രദ്ധപിടിച്ചുപറ്റിയ ഈ ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
കെട്ടിടത്തിന്റെ രൂപകല്പനയോ ചുറ്റുപാടുകളുമായോ പൊരുത്തമില്ലാത്ത അസാധാരണമായി തോന്നുന്ന ചിത്രം ആരെയും ഒന്ന് ചിന്തിപ്പിക്കുന്നതാണ്. ചിത്രത്തില്‍ കൗതുകം തോന്നിയ അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല അത് റെഡ്ഡിറ്റില്‍ എടുത്ത് പങ്കുവെച്ചു.
ഇതിനുസമാനമായ ചിത്രം പീനിയ പ്രദേശത്ത് കടകളുടെ പുറത്തും കണ്ടിട്ടുണ്ടെന്നും ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഉപയോക്താവ് പോസ്റ്റില്‍ ചോദിച്ചു. പോസ്റ്റ് വളരെ പെട്ടെന്ന് ശ്രദ്ധനേടി.
ഇത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ചിത്രത്തിന്റെ സന്ദര്‍ഭത്തെ കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
ഇതോടെ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഈ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ചു. ഒക്ടോബര്‍ എട്ടിന് പങ്കിട്ട പോസ്റ്റ് ആയിരത്തിലധികം ആളുകളിലേക്ക് എത്തി.
ഈ ചിത്രം എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഈ നിഗൂഢ ചിത്രത്തിനു പിന്നിലെ അര്‍ത്ഥം അന്വേഷിച്ച് ഉപയോക്താക്കള്‍ പല അനുമാനത്തിലുമെത്തി.
കൗതുകകരവും രസകരവുമായ നിരവധി ഉത്തരങ്ങളും ചിലര്‍ പങ്കുവെച്ചു. മാറത്തഹള്ളിയിലും സമാനമായ ഒരു ചിത്രം കണ്ടിട്ടുണ്ടെന്ന് ഒരു ഉപഭോക്താവ് കുറിച്ചു. എന്നാല്‍ അവിടെ കണ്ട ചിത്രത്തില്‍ സ്ത്രീയുടെ നാവ് പുറത്തേക്ക് നീട്ടിയ തരത്തില്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും അയാള്‍ വിശദമാക്കി. ഈ ചിത്രവും അയാൾ കമന്റിൽ പങ്കിട്ടു. ഇത് കാണുമ്പോഴെല്ലാം തനിക്ക് ചിരി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് ദുഷ്ട ആത്മാക്കാളെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഒരാള്‍ തമാശ പറഞ്ഞു. എന്നാല്‍ ‘ഈവിള്‍ ഐ’ അഥവാ പരമ്പരാഗത വിശ്വാസമായ ദൃഷ്ടി ദോഷത്തോട് സാമ്യമുള്ളതാണ് ഇതെന്ന് നിരവധി ആളുകള്‍ ചൂണ്ടിക്കാട്ടി. ദൗര്‍ഭാഗ്യവും കണ്ണേറും അകറ്റാന്‍ പുതിയ വീടുകളിലും കടകളിലും പരമ്പരാഗതമായി സ്ഥാപിക്കുന്നതാണ് ഇതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.