ദുബായ്: ചാംപ്യൻസ് ട്രോഫി ഇന്ത്യക്ക്!! 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി.
ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടി20 ലോകകപ്പുപോലെത്തന്നെ ഒരു കളിയും തോല്‍ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും കെഎല്‍ രാഹുലിന്റെ കാമിയോ ഇന്നിങ്‌സ് സെമിയിലെന്ന പോലെ ഫൈനലിലും നിര്‍ണായകമായി. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് കണ്ടെത്തിയാണ് വിജയവും കിരീടവും സ്വന്തമാക്കിയത്.
കെഎല്‍ രാഹുല്‍ ഓരോ സിക്‌സും ഫോറും സഹിതം 33 പന്തില്‍ 34 റണ്‍സുമായും രവീന്ദ്ര ജഡേജ 9 റണ്‍സുമായും പുറത്താകാതെ നിന്നു. ജഡേജ ഫോറടിച്ചാണ് വിജയമുറപ്പിച്ചത്. ഒപ്പം കിരീട നേട്ടവും.ഇ ന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടമാണിത്. നേരത്തെ 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ചാംപ്യന്‍മാരായ ഇന്ത്യ 2013ലാണ് രണ്ടാം കിരീടം നേടിയത്.
വിജയ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് ഇന്ത്യ തുടങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂറ്റനടികളുമായി കളം വാണതോടെ ഇന്ത്യ അതിവേഗം കുതിച്ചു. ഓപ്പണിങില്‍ രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു 105 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.
രോഹിത് ശര്‍മ 83 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറി കുറിച്ചു. 7 ഫോറും 3 സിക്‌സും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്‍ 31 റണ്‍സും സ്വന്തമാക്കി. എന്നാല്‍ സെമിയില്‍ സെഞ്ച്വറിയുമായി പൊരുതി നിന്ന കോഹ്‌ലിക്ക് ഫൈനലില്‍ തിളങ്ങാനായില്ല. താരം 2 പന്തില്‍ 1 റണ്‍സുമായി മടങ്ങി.
പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ 62 പന്തില്‍ 2 വീതം സിക്‌സും ഫോറും തൂക്കി 48 റണ്‍സെടുത്തു തിളങ്ങി. അക്ഷര്‍ പട്ടേലും പൊരുതി. താരം ഓരോ സിക്‌സും ഫോറും സഹിതം 29 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ വിജയത്തോടടുപ്പിച്ച ശേഷമാണ് മടങ്ങിയത്. താരം 18 റണ്‍സെടുത്തു. ഓരോ സിക്‌സും ഫോറും തൂക്കി.
മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത വിധം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയം. ഒരു വ്യാഴവട്ടത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.