ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം തുറക്കുന്നു.
തമിഴ്‌നാട്ടിലെ തൈപ്പൂയ ആഘോഷദിവസമായ ഫെബ്രുവരി 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തേക്കും.
തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൈപ്പൂയ ദിനത്തിൽ ഉദ്ഘാടനം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
പാമ്പൻ പാലത്തിന് സമാന്തരമായി 2070 മീറ്റർ (6790 അടി) നീളത്തിലാണ് പുതിയ റെയിൽപ്പാലം നിർമിച്ചത്. കടലിന് കുറുകെ 100 സ്പാനുകളാണ് പുതിയ പാലത്തിനുള്ളത്.
നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം നിർമിച്ചത്.
കപ്പലുകൾക്ക് കടന്നുപോകാൻ ഒരുഭാഗം ലംബമായി ഉയർത്താൻ കഴിയുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിങ് കടൽപ്പാലമാണിത്.
രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടന കേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലം.
2024 ഒക്ടോബറിൽ തന്നെ റെയിൽപ്പാലത്തിൻ്റെ നിർമാണം പൂത്തിയായിരുന്നു.
കഴിഞ്ഞവർഷം തന്നെ പാലം ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാലം പരിശോധിച്ച റെയിൽവേ സുരക്ഷാ കമ്മിഷണർ ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു.