ബെംഗളൂരു: രണ്ടു ദിവസമായി നടത്തിയ സര്‍വേയില്‍ ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ്, നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് നാല് ഇനത്തില്‍പെട്ട 350 ഓളം കഴുകന്മാരെ കണ്ടെത്തിയതായി റിപ്പോർട്ട്.
വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുമായി സഹകരിച്ച് കര്‍ണാടക വനം വകുപ്പാണ് സര്‍വേ നടത്തിയത്. ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലക്കു പുറമെ, തമിഴ്നാട്ടിലെ മുതുമല, സത്യമംഗലം, നീലഗിരി, വയനാട് , നീലഗിരി ബയോസ്പിയര്‍ റിസര്‍വ് എന്നിവിടങ്ങളിലും കഴുകന്മാരുടെ എണ്ണം കണ്ടെത്താന്‍ സര്‍വേ നടത്തി.
കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മുമ്പ് വെവ്വേറെ സര്‍വേ നടത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് സംയുക്ത സര്‍വേ നടത്തുന്നത് . വിവരശേഖരണത്തിലെ അപാകതകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തവണ ഒന്നിച്ചൊരു സര്‍വേ നടത്താം എന്ന തീരുമാനം. കാടുകളിലെ കഴുകന്മാരുടെ എണ്ണം കണക്കാക്കുക എന്നതായിരുന്നു ബന്ദിപ്പുര്‍ നടത്തിയ സര്‍വേയുടെ പ്രധാന ലക്ഷ്യം. കോളജ് ഓഫ് ഫോറസ്റ്ററി, പൊന്നാം പേട്ട്, കുടക്, എന്നിവിടങ്ങളില്‍ നിന്നും 32 ഓളം സന്നദ്ധ പ്രവര്‍ത്തകരും വനംവകുപ്പിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ഏകദേശം 80 ഓളം പേരും നിരീക്ഷണത്തില്‍ പങ്ക് ചേര്‍ന്നു .13 മേഖലകളായി തിരിച്ചായിരുന്നു സര്‍വേ. 40 സ്ഥലങ്ങളില്‍ നിന്ന് വിവിധ വിഭാഗത്തില്‍പെട്ട 245 കഴുകന്മാരെ കണ്ടെത്തി. വൈറ്റ് റംപ്ഡ് വള്‍ചര്‍ (വെള്ളവയറന്‍ കഴുകന്‍) (168), ഇന്ത്യന്‍ കഴുകന്‍ (34), റെഡ് ഹെഡഡ് വള്‍ചര്‍ (ചെന്തലയന്‍ കഴുകന്‍) (43), ഈജിപ്ഷ്യന്‍ കഴുകന്‍ (1) എന്നിവയെയാണ് കണ്ടെത്തിയത്.
ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ഡോ. രമേഷ് കുമാര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നവീന്‍ കുമാര്‍, രവീന്ദ്ര, രമേഷ് തുടങ്ങിയവര്‍ പക്ഷി നിരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .
നഗര്‍ഹോളെ കാടിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ സര്‍വേയില്‍ മൂന്നു വിഭാഗത്തില്‍പെട്ട 104 കഴുകന്മാരെ കണ്ടെത്തി. വൈറ്റ് റംപ്ഡ് വള്‍ചര്‍ (61), ഇന്ത്യന്‍ കഴുകന്‍ (13),റെഡ് ഹെഡഡ് വള്‍ചര്‍ (30) എന്നിവയെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ഹര്‍ഷകുമാര്‍ ചിക്കനാര്‍ഗണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.