സബർബൻ റെയിൽപദ്ധതിക്ക് ഊർജമായി കേന്ദ്രബജറ്റിൽ ലഭിച്ച 450 കോടി

ബെംഗളൂരു : നഗരത്തെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ സബർബൻ റെയിലിനായി കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചത് പദ്ധതി വേഗത്തിലാകുന്നതിന് ഇടയാക്കും. പദ്ധതിക്കായി ആകെ 1350 കോടി രൂപയുടെ അംഗീകാരം ബജറ്റിൽ നൽകിയെങ്കിലും ഇതിൽ 900 കോടി രൂപ ഇന്റേണൽ ആൻഡ് എക്‌സ്ട്രാ ബജറ്ററി റിസോഴ്‌സസ് (ഐ.ഇ.ബി.ആർ.) വഴിയാണ് കണ്ടെത്തേണ്ടത്. കേന്ദ്ര ബജറ്റിൽ 450 കോടി രൂപ അനുവദിച്ചതോടെ സ്ഥലമേറ്റടുപ്പ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആണ് പദ്ധതി നടപ്പാക്കുന്ന കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് എന്റർപ്രൈസസിന്റെ (കെ-റൈഡ്) തീരുമാനം.

148 കിലോമീറ്റർ ദൂരം വരുന്ന സബർബൻ റെയിൽ പദ്ധതിക്കായി 15,767 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും 20 ശതമാനം വീതം ചെലവ് വഹിക്കും. ബാക്കി 60 ശതമാനം തുക മറ്റു വായ്പകളിലൂടെയും മറ്റുമാണ് കണ്ടെത്തുക. കഴിഞ്ഞ കേന്ദ്ര ബജറ്റിലും സബർബൻ റെയിൽ പദ്ധതിക്ക് 450 കോടി രൂപ അനുവദിച്ചിരുന്നു. സബർബൻ റെയിലിന് നാല് ഇടനാഴികളാണുള്ളത്. കെ.എസ്.ആർ. ബെംഗളൂരു – ദേവനഹള്ളി (41 കിലോമീറ്റർ), ബൈയപ്പനഹള്ളി – ചിക്കബാനവാര (25.14 കിലോമീറ്റർ), കെങ്കേരി – വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലിഗെ – രാജനകുണ്ഡെ (46.24 കിലോമീറ്റർ) എന്നിവയാണ് ഇടനാഴികൾ.

ബൈയപ്പനഹള്ളിക്കും ചിക്കബാനവാരയ്ക്കുമിടയിലുള്ള 25.14 കിലോമീറ്റർ പാതയുടെ നിർമാണ കരാർ ലാർസൻ ആൻഡ് ടൗബ്രോ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ 157 ഏക്കർ സ്ഥലം അടുത്തിടെ കെ റൈഡിന് കൈമാറിയിരുന്നു. സബർബൻ റെയിലിന്റെ രണ്ടാംഘട്ട പാതയ്ക്കുള്ള ടെൻഡർ കെ-റൈഡ് അടുത്തിടെ ക്ഷണിച്ചിട്ടുണ്ട്. ഹീലലിഗെയ്ക്കും രാജനകുണ്ഡെയ്ക്കുമിടയിലെ 46.24 കിലോമീറ്റർ പാതയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡറാണ് ക്ഷണിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us