ബെംഗളൂരു:കർണാടകത്തിൽ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങൾ നടത്തുകയോ ചെയ്താൽ ഇനി ഏഴുവർഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും.
2017-ൽ മുഖ്യമന്ത്രിയായിരിക്കെ സിദ്ധരാമയ്യയാണ് നിയമം കൊണ്ടുവന്നത്. നിയമസഭ പാസാക്കിയ ബില്ലിന് ഗവർണർ വാജുഭായ് വാല അനുമതി നൽകുകയും ചെയ്തിരുന്നു. അന്ന് ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത ബി.ജെ.പി.യുടെ സർക്കാരാണ് ഇപ്പോൾ നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നത് .
സാധാരണക്കാരെ ബാധിക്കുന്ന ക്രൂരവും വഞ്ചനാപരവുമായ ദുരാചാരങ്ങൾ കുറ്റകൃത്യമാക്കുന്നതാണ് നിയമം. ആഭിചാരവും ദുർമന്ത്രവാദവും ഇനി കുറ്റകരമാണ്. ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം നിലനിർത്തുകയും സമൂഹത്തിൽ ശാസ്ത്രീയ അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യമെന്ന് നിയമത്തിൽ പറയുന്നു. എല്ലാ അന്ധവിശ്വാസങ്ങളും ക്രിമിനൽ കുറ്റമാകും. 16 ദുരാചാരങ്ങളാണ് നിരോധിച്ചത്.
ഏറെ വിവാദങ്ങൾക്കും ചർച്ചയ്ക്കും ശേഷമാണ് അന്ധവിശ്വാസ നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ നിയമസഭയിൽ പാസാക്കിയത്. മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമത്തിന്റെ മാതൃകയിലാണ് നിയമം കൊണ്ടുവന്നത്. അന്ധവിശ്വാസങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച എം.എം. കലബുറഗിയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതോടെയാണ് നിയമത്തിനായി പുരോഗമനവാദികൾ ആവശ്യം ശക്തമാക്കിയത്.
ആഭിചാരം, ദുർമന്ത്രവാദം, നിധിക്കുവേണ്ടിയുള്ള പൂജ, ബ്രാഹ്മണർ ഭക്ഷണം കഴിച്ച ഇലയിൽ ഉരുളുക (മഡെ സ്നാന), മനുഷ്യന്റെ അന്തസ്സിനെ ബാധിക്കുന്ന ദുരാചാരങ്ങൾ, സ്ത്രീകളെ വിവസ്ത്രയാക്കിനിർത്തൽ, നഗ്നനാരീപൂജ, നരബലി, മൃഗങ്ങളുടെ കഴുത്തിൽ കടിച്ച് കൊല്ലുക, ഉത്സവത്തിന്റെ ഭാഗമായുള്ള കനൽനടത്തം, വശീകരണ ഉപാധികൾ, പൂജകൾ, ഇതിനായുള്ള പരസ്യം, പൂജകളിലൂടെ അസുഖംമാറ്റൽ, ഇതിന്റെ പേരിലുള്ള പരസ്യം, കാര്യസിദ്ധിക്കായുള്ള പൂജകൾ, കുട്ടികളെ ഉപയോഗിച്ചുള്ള അപകടകരമായ ആചാരങ്ങൾ, നാവിലും കവിളിലും കമ്പി കുത്തിയിറക്കുക, പ്രേതത്തിന്റെപേരിൽ ഭീതിപ്പെടുത്തൽ.
വാൽക്കഷണം : കേരളത്തിൽ നിന്നുള്ള ജ്യോതിഷികൾക്കും മന്ത്രവാദികൾക്കും സാധാരണ കന്നഡികർക്കിടയിൽ വലിയ ഡിമാന്റ് ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.