ദുബായ്: സാമൂഹിക മാധ്യമം വഴിയുള്ള തൊഴിൽതട്ടിപ്പിൽ കുടുങ്ങി ഒൻപത് മലയാളികൾ യു.എ.ഇ.യിൽ പെട്ടു. അജ്മാനിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ മികച്ച ശമ്പളത്തിലുള്ള ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവരെത്തിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് ആണ് എഴുപതിനായിരം രൂപ വീതം വാങ്ങി ഇവരെ യു.എ.ഇ.യിൽ എത്തിച്ചത്. എന്നാൽ, ഏജന്റ് നൽകിയത് സന്ദർശകവിസയായിരുന്നു.
വിശാഖ്, ഐനാസ്, റഫീഖ്, നൗഫൽ, അസ്ഹറലി, ഫാസിൽ, പ്രവീൺ, അർഷൽ, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്. വിമാനത്താവളത്തിൽ സൂപ്പർ മാർക്കറ്റ് അധികൃതർ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പർ മാർക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്.
നാട്ടിൽ വാട്സാപ് സന്ദേശം കണ്ടാണ് ഇവർ റിക്രൂട്ടിങ് ഏജന്റിനെ ബന്ധപ്പെട്ടത്. ഇപ്പോൾ ദുബായ്, ഷാർജ, അജ്മാൻ, അൽ ഐൻ എന്നിവിടങ്ങളിലായി ദുരിതത്തിൽ കഴിയുകയാണ് ഒമ്പത് പേരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറികളിലാണ് താമസം. ശമ്പളം ഇല്ലാത്തതിനാൽ കൃത്യമായി ഭക്ഷണം പോലുമില്ല.
നാട്ടിലേക്ക് മടങ്ങിപ്പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കൂടി നിൽക്കുന്നതിനാൽ പലർക്കും അതും സാധിക്കുന്നില്ല. ഇവിടെത്തന്നെ മറ്റെന്തെങ്കിലും ജോലി കിട്ടുമോ എന്ന ശ്രമവും ഇവർ നടത്തുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും നൽകി പണം പിടുങ്ങുന്ന വലിയ സംഘങ്ങൾ കേരളത്തിൽ ഉൾപ്പെടെ സജീവമാണ്. ഇത് വിശ്വസിച്ച് പണം നൽകിയാണ് എല്ലാവരും കെണിയിൽ വീഴുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.