ബെംഗളൂരു: കർണാടക സംഗീതജ്ഞരായ ഒ.എസ്. ത്യാഗരാജൻ, ടി.എൻ. ശേഷഗോപാലൻ, ട്രിച്ചി ജെ. വെങ്കിട്ടരാമൻ എന്നിവരടക്കമുള്ള പ്രമുഖരുടെ പേരിൽ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി. ഇവരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന് പറയപ്പെടുന്നവരുടെ അനുഭവം ചിന്മയി ട്വിറ്ററിലൂടെ പങ്കുെവച്ചു.
സംഗീതജ്ഞരായ ശശികിരൺ, രവികിരൺ, മൃദംഗ വിദ്വന്മാരായ മന്നാർഗുഡി ഈശ്വരൻ, തിരുവാരൂർ വൈദ്യനാഥൻ, ആർ. രമേഷ്, മാൻഡലിൻ വിദഗ്ധൻ രാജേഷ്, നൃത്തസംവിധായകൻ കല്യാൺ തുടങ്ങിയവർക്കെതിരേയും വെളിപ്പെടുത്തലുണ്ട്. വൈരമുത്തുവിനെതിരേ താൻ നടത്തിയ ‘മീ ടൂ’ വെളിപ്പെടുത്തലിനെ തുടർന്ന്, കർണാടക സംഗീതരംഗത്തെ പ്രമുഖരിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നവർ തനിക്ക് സന്ദേശം അയച്ചുതുടങ്ങിയെന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയിയുടെ ട്വീറ്റുകൾ. ആരോപണം ഉന്നയിച്ചവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഒ.എസ്. ത്യാഗരാജൻ, ടി.എൻ. ശേഷഗോപാലൻ, ട്രിച്ചി ജെ. വെങ്കിട്ടരാമൻ തുടങ്ങിയവരുടെ ശിഷ്യരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ കഴിഞ്ഞ ദിവസമാണ് ചിന്മയി മീ ടൂ ഹാഷ് ടാഗുമായി ട്വിറ്ററിൽ ആരോപണമുന്നയിച്ചത്.
ചിന്മയിയുടെ ആരോപണം പുറത്തുവരുന്നതിന് ഒരു ദിവസംമുമ്പ് മാധ്യമപ്രവർത്തകയായ സന്ധ്യാ മേനോൻ പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത സ്ത്രീ വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച് തനിക്ക് സന്ദേശം അയച്ചതായി പറഞ്ഞിരുന്നു. വൈരമുത്തുവല്ലാതെ തമിഴ് സിനിമാമേഖലയിലെ ആരിൽനിന്നും തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടിവന്നിട്ടില്ലെന്ന് വീഡിയോ സന്ദേശത്തിൽ ചിന്മയി പറഞ്ഞു.
വൈരമുത്തുവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി കരുണാനിധിപോലും തന്റെ മകളെ തനിച്ച് വൈരമുത്തുവിന്റെ അടുത്ത് വിടാൻ തയ്യാറായിരുന്നില്ലെന്നും ചിന്മയി ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.