ബെംഗളൂരു: സ്റ്റുഡന്റ് ബസ് പാസിന്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചതിനെ തുടർന്ന് ഈ മാസം 30 വരെ കാലാവധി നീട്ടി. ബിഎംടിസി സ്റ്റുഡന്റ് ബസ് പാസ് വിതരണം മാസങ്ങളായി വൈകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
അധ്യയന വർഷം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും സ്റ്റുഡന്റ് പാസ് വിതരണം ആരംഭിക്കാൻ ബിഎംടിസിക്കു കഴിയാത്തതിൽ പ്രതിഷേധം വ്യാപകമാണ്. അതേസമയം, പഴയ പാസ് കൈവശമില്ലാത്തവർ ഫുൾ ടിക്കറ്റ് എടുത്ത് വിദ്യാലയങ്ങളിലേക്കു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ സ്കൂളുകളിലേയും കോളജുകളിലെയും വിദ്യാർഥികൾക്ക് സൗജന്യമായി ബസ് പാസ് നൽകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും, ഇനിയും നടപ്പായിട്ടില്ല.
വൈകുന്നതിന് കാരണം തെറ്റായ രേഖകളെന്ന് വിദ്യാർഥികൾ തെറ്റായ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചതാണ് കാലതാമസത്തിനു പിന്നിലെന്നാണ് ബിഎംടിസി അധികൃതരുടെ വാദം. കഴിഞ്ഞ അധ്യയന വർഷത്തെ പാസ് ഉപയോഗിക്കാനുള്ള അനുമതി നൽകിയിരുന്നെങ്കിലും പുതുതായി ചേർന്നവർക്കും വിദ്യാലയം മാറിയവർക്കും ഇത് ഉപയോഗപ്പെടുത്താനാകില്ല. മുഴുവൻ ടിക്കറ്റ് എടുത്താണ് ഇത്തരം വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. പഴയ പാസ് ഉപയോഗിക്കുന്നവർക്കാകട്ടെ വിദ്യാഭ്യാസ സ്ഥാപത്തിൽ നിന്നുള്ള തിരിച്ചറിയൽ രേഖ കൂടി കണ്ടക്ടറെ കാണിച്ചാലേ നിലവിലെ സാഹചര്യത്തിൽ കൺസഷൻ ലഭ്യമാകൂ.
ഇത്തവണ പാസിനു പകരം സ്മാർട് കാർഡ് നൽകാനാണ് ബിഎംടിസി തയാറെടുക്കുന്നത്. മുൻ വർഷങ്ങളിൽ ബിഎംടിസി ബസ് സ്റ്റേഷനുകളിലെ കൗണ്ടർ മുഖേനയായിരുന്നു പാസ് വിതരണം. എന്നാൽ ഇത്തവണ അപേക്ഷ ഓൺലൈനാക്കി. ബിഎംടിസി വെബ്സൈറ്റിൽ സജ്ജമാക്കിയിരിക്കുന്ന ഇ ഫോമിൽ അപേക്ഷിച്ചാലേ പാസ് ലഭ്യമാകൂ. പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം സഹിതമാണ് ഇ ഫോം സമർപ്പിക്കേണ്ടത്. കൗണ്ടറുകളിൽ വിദ്യാർഥികൾ മണിക്കൂറുകൾ ക്യൂ നിന്ന് വലയുന്നത് ഒഴിവാക്കാനും, പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സംവിധാനവുമായി ഇ-ഫോം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വ്യാജ പാസുകൾ തടയാനുമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.