കാഴ്ച്ചയുടെ പുതിയതലങ്ങള്‍ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത‍;ബാലന്‍ നമ്പ്യാരുടെ കലാസൃഷ്ടികളുടെ പ്രദർശനം നാളെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ.

ബെംഗളൂരു:  കേന്ദ്ര ലളിതകലാ അക്കാദമി മുൻ ആക്ടിങ് ചെയർമാനും പ്രമുഖ ശിൽപിയും രാജാരവിവർമ്മ പുരസ്കാര ജേതാവുമായ ബാലൻ നമ്പ്യാരുടെ ആറു പതിറ്റാണ്ടു കാലത്തെ കലാസൃഷ്ടികളുടെ പ്രദർശനം ‘സ്കൾപ്റ്റിങ് ഇൻ ടൈം’ നാളെ മുതൽ. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) വൈകിട്ട് ആറിന് പ്രദർശനം ആരംഭിക്കും.

1971 മുതൽ നമ്പ്യാരുടെ ശിക്ഷണം സ്വീകരിച്ചു വരുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും കൂടിയയാളും ചേർന്ന് തെയ്യ കലശത്തറയിൽ 64 കോത്തിരി കൊളുത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.45 വരെ മിഴാവു മേളം.മാർച്ച് മൂന്നു വരെയാണു പ്രദർശനം. തിങ്കളാഴ്ചകളും ദേശീയ അവധിദിനങ്ങളുമൊഴികെ എല്ലാ ദിവസവും പൊതുജനങ്ങൾക്കു പ്രവേശനമുണ്ട്. വാട്ടർ കളർ, ക്രയോൺസ്, ചാർക്കോൾ, ആക്രിലിക്, ഓയിൽ മാധ്യമങ്ങളിലുള്ള പെയിന്റിങ്ങുകളും സ്റ്റെയിൻലെസ് സ്റ്റീൽ ശിൽപങ്ങളും, ഇനാമൽ രചനകളും പ്രദർശനത്തിൽ ഇടംപിടിക്കും.

സദാനന്ദ് മേനോനാണ് ക്യൂറേറ്റർ.1967ൽ തിരുവനന്തപുരത്തായിരുന്നു ബാലൻ നമ്പ്യാരുടെ ആദ്യ ചിത്രപ്രദർശനം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്സിൽ ശിൽപനിർമാണ പഠനം. 1968ൽ മദർ ഗോഡസ് എന്ന ആദ്യ ശിൽപം പ്രദർശിപ്പിച്ചു. വെങ്കലവും, സ്റ്റീലും അലുമിനിയവും ശിൽപങ്ങളായി വിളക്കാനുള്ള പരിശീലനവുമായി ഐഐടി മദ്രാസിൽ ഇന്റേൺഷിപ്. പിന്നീടുള്ള സൃഷ്ടികൾ ലോകമെങ്ങുമുള്ള സർക്കാർ മ്യൂസിയങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ശിൽപശേഖരങ്ങളിലുണ്ട്.

മൈസൂരു റിസർവ് ബാങ്ക് നോട്ട് പേപ്പർ മില്ലിൽ സ്ഥാപിച്ച ഏഴു മീറ്റർ ഉയരമുള്ള ‘റീച്ച് ഫോർ ദ സ്കൈ’ എന്ന ശിൽപമാണ് ഇതിൽ അവസാനത്തേത്.35 വ്യക്തിഗത പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 1975ൽ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഉദ്യാനശിൽപ പ്രദർശനവും ജർമനിയിലും ഇറ്റലിയും മറ്റ് ഇന്ത്യൻ നഗരങ്ങളിലും നടത്തിയ ഇനാമൽ ചിത്രകലാ പ്രദർശനങ്ങളും ഇതിൽ വേറിട്ടു നിൽക്കുന്നു. ഇന്ത്യൻ ട്രിനാലെ, വെനീസ് ബിനാലെ, ബ്രോൺസെറ്റോ ദി പദുവ തുടങ്ങിയവിടങ്ങളിൽ പ്രദർശനം നടത്തിയ ബാലൻ നമ്പ്യാർക്ക് വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us