സംശയാസ്പദമായ രീതിയിൽ ചിലർ ചുറ്റിയടിക്കുന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്നു ബൈക്കിലെത്തിയ ഇവരെ നാലംഗസംഘം കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടി ഉതിർക്കാതിരിക്കാൻ കോൺസ്റ്റബിളിന്റെ കൈയിൽനിന്നു റൈഫിൾ ബലമായി പിടിച്ചെടുത്ത് കടന്നുകളഞ്ഞു. ഇന്നലെ ഒളിത്താവളം വളഞ്ഞപ്പോഴും സംഘം പൊലീസിനെ ആക്രമിച്ചു. തട്ടിയെടുത്ത റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത ഇവർ കല്ലേറും നടത്തി. തുടർന്നാണ് പൊലീസ് മൂന്നുപേരെ വെടിവച്ചു വീഴ്ത്തിയത്.
മധ്യപ്രദേശിൽ നിന്നുള്ള അസംഭായി സിങ് മൊഹർ, ജിതേൻ റാംസിങ് പലാഷെ, സുരേഷ് കൊദ്രിയ മൊഹർ എന്നിവരെ പരുക്കുകളോടെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബു ഭായിസിങ് മൊഹറാണ് പിടിയിലായ നാലാമൻ. രാത്രി വീടു കയറി കവർച്ച പതിവാക്കിയ ഇവർ നാലു സംസ്ഥാനങ്ങളിലായി ഒട്ടേറെ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു. റെയ്ഡിനിടെ ഉണ്ടായ ആക്രമണത്തിൽ മൂന്നു പൊലീസുകാർക്കും പരുക്കേറ്റു.
കഴിഞ്ഞമാസം നഗരത്തിൽ പൊലീസിനു നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായിരുന്നു. തോക്ക് തട്ടിയെടുത്ത സംഭവത്തോടെ ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അക്രമികളിലൊരാൾ മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള റായ് സിങ് മഹേൽ ആണെന്നു കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റുള്ളവർ യെഹലങ്ക ന്യൂടൗൺ കെംപനഹള്ളിലുള്ളതായി വിവരം ലഭിച്ചത്.
ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ ഈ സംഘം കവർച്ച നടത്തിയിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു. കർണാടകയിൽ മൈസുരു, മംഗളൂരു, ഉഡുപ്പി, തുമകൂരു, ബെംഗളൂരു എന്നിവിടങ്ങളിലാണ് കവർച്ചകൾ നടത്തിയത്. പിടിയിലായവരിൽനിന്നു 100 ഗ്രാം സ്വർണാഭരണങ്ങളും കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സുനീൽകുമാർ പറഞ്ഞു.