കിടിലം, ഗംഭീരം, കിടിലോൽക്കിടിലം… കലാശപ്പോരിൽ ഓസീസിനെ നിഷ്പ്രഭമാക്കിയ ഇന്ത്യയുടെ ഫൈനൽ പോരാട്ടത്തെ എങ്ങനെ വിശേഷിപ്പിക്കും?. അപരാജിത കുതിപ്പിന്റെ അവസാനം നാലാം ലോകകപ്പിൽ മുത്തമിട്ട പൃഥ്വി ഷായുടെയും സംഘത്തിന്റെയും ചോരത്തിളപ്പിന് എന്തുവിശേഷണം നൽകും? ആയുധപ്പുരയിലെ ആയുധങ്ങൾക്കു അടുത്ത പതിറ്റാണ്ടിലും ക്ഷാമമുണ്ടാകില്ലെന്നു വിളിച്ചു പറഞ്ഞാണ് ഇന്ത്യ വീണ്ടും വിശ്വ കിരീടമുയർത്തയത്. ക്രീസിൽ കരിങ്കല്ലുപോലെ ഉറച്ചുനിന്ന സെഞ്ചുറി നേടിയ മൻജോത് കൽറ ഇന്ത്യയുടെ വീരനായകനുമായി. മൽസരത്തിനൊടുവിൽ ഇന്ത്യൻ ടീമിനെക്കുറിച്ച് കമന്റേറ്റർമാർ പറഞ്ഞതിൽ എല്ലാമുണ്ട്. ഇവരൊന്നും ഇതുവരെ സീനിയർ ടീമിലെത്തിയില്ലേ? .ഓരോ മൽസരത്തിലും മികവിൽ മുന്നേറുന്ന ഓപ്പണിങ് നിര ഇന്നലെയും അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. അതിവേഗ പന്തുകളിൽ എതിരാളിയെ വട്ടംകറക്കുന്ന പേസർമാർ ഇന്നലെയും പ്രഹരശേഷി കാട്ടി. മധ്യനിരയിൽ നിർണായക വിക്കറ്റുകൾ പിഴുത് കളിയുടെ ഗതി തിരിക്കുന്ന അനുകുൽ റോയിയും ശീലം തെറ്റിച്ചില്ല. ഫലമോ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു മുൻപിൽ ഓസ്ട്രേലിയ ഉയർത്തിയത് 217എന്ന വിജയലക്ഷ്യം എട്ടു വിക്കറ്റും 67 പന്തുകളും ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയും ചെയ്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ്, സാവധാനത്തിലാണ് തുടങ്ങിയത്. ശിവം മാവിയുടെയും ഇഷാൻ പോറലിന്റെയും മോഹിപ്പിച്ചു പറന്ന പന്തുകളിൽ സാഹസത്തിനു മുതിരാതെ ഓസീസ് ഓപ്പണർമാർ 32 റൺസു വരെ വിക്കറ്റു കാത്തു. മാക്സ് ബ്രയന്റിനെയും ജാക് എഡ്വേർഡ്സിനയും നാല് ഓവറുകൾക്കുള്ളിൽ മടക്കിയ ഇഷാൻ പോറെലാണ് കളിയിൽ ഇന്ത്യയെ ആദ്യം സന്തോഷിപ്പിച്ചത്. പന്ത്രണ്ടാം ഓവറിൽ ക്യാപ്റ്റൻ ജേസൺ സംഗയെയും നഷ്ടപ്പെട്ടെങ്കിലും മധ്യനിരയിൽ ജോനാതൻ മെർലോ (76) രക്ഷകനായി. ഓസീസ് രക്ഷപ്പെട്ടെന്നു കരുതി നിൽക്കെ ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ അനുകുൽ റോയി രംഗത്തെത്തി. ശിവ് സിങ്ങും അനുകുലും ചേർന്നു നടത്തിയ വേട്ടയിൽ മൂന്നിന് 134 എന്ന നിലയിൽ നിന്ന ഓസീസ് 82 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓൾഓട്ടായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ പതിവുപോലെ ഓപ്പണർമാർ മുന്നിൽ നിന്നു നയിച്ചു. പൃഥ്വി ഷായ്ക്കൊപ്പം(29) 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മൻജോത്, ഷാ പുറത്തായതിനുശേഷമാണ് കൂടുതൽ അപകടകാരിയായത്. ടൂർണമെന്റിൽ അഞ്ചാം തവണയാണ് ഇന്ത്യൻ ഓപ്പണിങ് കൂട്ടുകെട്ട് അർധ സെഞ്ചുറി കടക്കുന്നത്. സെമിഫൈനലിലെ ഹീറോ ശുഭ്മാൻ ഗില്ലിനെയും (31) തുടർന്ന് വിക്കറ്റ് കീപ്പർ ഹാർവിക് ദേശായിയെയും കൂട്ടുപിടിച്ച കൽറ 38.5 ഓവറിൽ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 102 പന്തുകളിൽ എട്ടു ഫോറും മൂന്നു സിക്സറുകളും അടങ്ങുന്നതായിരുന്നു കൽറയുടെ അപരാജിത ഇന്നിങ്സ്.
സ്കോർബോർഡ്
ഓസ്ട്രേലിയ: എഡ്വേഡ്സ് സി നഗർകോടി ബി പോറെൽ – 28, ബ്രയന്റ് സി അനുകുൽ ബി പോറെൽ –14, സാംഘ സി ദേശായ് ബി നഗർകോടി–13, മെർലോ സി സിങ് ബി അനുകുൽ– 76, ഉപ്പൽ സിആൻഡ്ബി അനുകൽ –34, മക്സ്വീനി സി ആൻഡ് ബി സിങ് – 23, സതർലാൻഡ് സി ദേശായ് ബി സിങ് – അഞ്ച്, ഹോൾട് റൺഔട്ട് –13, ഇവാൻസ് ബി നഗർകോടി – ഒന്ന്, ഹാഡ്‌ലി സി ദേശായ് ബി മവി – ഒന്ന്, പോപ് നോട്ടൗട്ട് പൂജ്യം. എക്സ്ട്രാസ് – എട്ട്,
വിക്കറ്റ് വീഴ്ച: 32-1, 52-2, 59-3, 134-4, 183-5, 191-6, 212-7, 214-8, 216-9, 216-10.
ബോളിങ്: ശിവം മാവി 8.2-1-46-1, ഇഷാൻ പോറെൽ: 7-1-30-2, ശിവ സിങ്: 10-0-36-2, കമലേഷ് നഗർകോടി: 9-0-41-2, അഭിഷേക് ശർമ: 6-0-30-0, അനുകുൽ റോയ്: 7-0-32-2.
ഇന്ത്യ: പൃഥ്വി ഷാ ബി സതർലൻഡ‍്–29, കൽറ നോട്ടൗട്ട് –101, ഗിൽ ബി ഉപ്പൽ –31, ദേശായ് നോട്ടൗട്ട് –47. എക്സ്ട്രാസ് – 12, ആകെ 38.5 ഓവറിൽ രണ്ടിന് 220.
വിക്കറ്റ് വീഴ്ച: 71-1, 131-2.
ബോളിങ്: റയാൻ ഹാഡ്‌ലി: 7-0-37-0, ഇവാൻസ്: 5-1-30-0, സതർലൻഡ്: 6.5-0-36-1, എഡ്വേഡ്സ്: 1-0-15-0, പോപ്: 5-0- 42-0, മെർലോ: 4-0-21-0, ഉപ്പൽ: 10-0-38-1.