അപമാനം ഭയന്ന് നാടുവിട്ട് അതിജീവിതകൾ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി ഉടൻ, ഹെൽപ് ലൈൻ ആരംഭിച്ചു 

ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം.

അതിജീവിതകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം.

പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐടിയുടെ മുന്നറിയിപ്പ്.

ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതും വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമായി കണക്കാക്കും.

തന്റെ മുഖം വെളിവാക്കാതെയാണ് എല്ലാ ലൈംഗികാതിക്രമ വീഡിയോകളും പ്രജ്വല്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഹാസനിലെ വീട്ടില്‍ നിന്നു അധികം അകലെയല്ലാതെയുള്ള ആളൊഴിഞ്ഞ ഫാം ഹൗസില്‍വെച്ചാണ് പീഡനരംഗങ്ങള്‍ ചിത്രീകരിച്ചത്.

പ്രജ്വലിന്റെ നിര്‍ദേശപ്രകാരം സ്ത്രീകള്‍ ഇവിടെ എത്തിച്ചേരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുവതികളും മധ്യവയസ്‌കരായ സ്ത്രീകളുമൊക്കെ പീഡനത്തിനിരയായിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍, ജെഡിഎസിലെ പ്രാദേശിക വനിതാ ഭാരവാഹികള്‍, ജെഡിഎസ് അനുഭാവികളായ സ്ത്രീകള്‍ തുടങ്ങിയവരൊക്കെ ലൈംഗികാതിക്രമ ദൃശ്യങ്ങളിലുണ്ട്.

നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രജ്വല്‍ ലൈംഗികമായി ഉപയോഗിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വീഡിയോകളില്‍ പ്രജ്വലിന്റെ ശബ്ദം വ്യക്തമാണ്.

നേരിട്ടു ചിത്രീകരിച്ച വീഡിയോകള്‍ക്കു പുറമെ വാട്‌സ്‌ആപ് വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്തും പ്രജ്വല്‍ സൂക്ഷിച്ചിരുന്നു.

ഇവയില്‍ മാത്രമാണ് പ്രജ്വലിന്റെ മുഖം അല്പമെങ്കിലും വ്യക്തമാകുന്നത്.

നാനൂറോളം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് അനുമാനം. പത്തില്‍ താഴെ അതിജീവിതമാര്‍ മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അപമാന ഭയത്താല്‍ മിക്ക സ്ത്രീകളും ഹാസനില്‍ നിന്ന് വീടുവിട്ടുപോയി.

പലരുടെയും കുടുംബജീവിതം താളംതെറ്റി. കേസുമായി മുന്നോട്ടുപോയാല്‍ സമൂഹത്തിനു മുന്നില്‍ കൂടുതല്‍ അപഹാസ്യരാകുമെന്ന ചിന്തയാണ് അതിജീവിതരില്‍ മിക്കവര്‍ക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us