ബെംഗളൂരു : പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായ മൈസൂരു–ബെംഗളൂരു പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് തുടങ്ങി. ഇതോടെ മൈസൂരു–ബെംഗളൂരു യാത്രയിൽ 15 മിനിറ്റ് യാത്രാസമയം ലാഭിക്കാം. ഇലക്ട്രിക് ട്രെയിൻ സർവീസിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്നലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നിർവഹിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി. ഔദ്യോഗിക ഉദ്ഘാടനം ജനുവരി ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണു സൂചന.
വൈദ്യുതീകരിച്ച പാതയിൽ ഇലക്ട്രിക് ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ 15 മിനിറ്റ് ലാഭിക്കാം. ട്രെയിനുകൾ ഇലക്ട്രിക് ആകുന്നതോടെ ദിവസേന 10 ലക്ഷം രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാനാകും. പ്രതിവർഷം 36 കോടി രൂപയും.
നിലവിൽ ശതാബ്ദി പോലെ സ്റ്റോപ്പ് കുറവുള്ള ട്രെയിനുകൾ രണ്ടു മണിക്കൂറാണ് മൈസൂരു–ബെംഗളൂരു യാത്രയ്ക്കെടുക്കുന്നത്. മറ്റു ട്രെയിനുകൾ മൂന്നു മണിക്കൂർ വരെയും. ഇലക്ട്രിക് ട്രെയിൻ സമയലാഭത്തിനു പുറമെ പ്രവർത്തനച്ചെലവും കുറയ്ക്കും. പരിസ്ഥിതി സൗഹൃദമെന്നതു മറ്റൊരുനേട്ടം.
ദിവസേന 24 ട്രെയിനാണ് ബെംഗളൂരു–മൈസൂരു റൂട്ടിൽ സർവീസ് നടത്തുന്നത്. ഡീസൽ എൻജിനുകളെക്കാൾ വേഗത്തിൽ ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ച ട്രെയിനുകൾക്കു സഞ്ചരിക്കാനാകും. ദീർഘദൂര ട്രെയിനുകൾക്ക് എൻജിൻ മാറാനുള്ള സമയവും ലാഭിക്കാം. നിലവിൽ ചെന്നൈയിൽ നിന്നുള്ള ശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ എൻജിൻ മാറ്റാൻ ബെംഗളൂരുവിൽ പിടിച്ചിടുന്നുണ്ട്.
വൈദ്യുതീകരിച്ച പാത പരിശോധിച്ച റെയിൽവേ സുരക്ഷാ കമ്മിഷണർ കെ.മനോഹർ രണ്ടാഴ്ച മുൻപാണു സർവീസിനു തടസ്സമില്ലെന്നു കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ഇതേത്തുടർന്നാണ് ഉദ്ഘാടനം ഈമാസം നടത്താൻ തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തേക്കുമെന്നാണു വിവരം. ബെംഗളൂരു–കെംഗേരി (12.22 കിലോമീറ്റർ), കെംഗേരി–രാമനഗര (32.17), രാമനഗര–മൈസൂരു (93.86) എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണു പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.