ബെംഗളൂരു: യശ്വന്ത്പൂർ നിയമസഭാ മണ്ഡലത്തിലെ ബ്യാദരഹള്ളിയിലും ഭരത്നഗറിലും പുള്ളിപ്പുലി ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് പലതവണ പുള്ളിപ്പുലിയെ കണ്ടിട്ടും അതിനെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ആഴ്ച മൂന്ന് തവണ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്തെ കുറ്റിക്കാടുകളും മരങ്ങളും വെട്ടിമാറ്റിയിരുന്നു. ഇതോടെ പുള്ളിപ്പുലി ശല്യം അവസാനിച്ചെന്ന് കരുതിയിരുന്നെങ്കിലും, തൊട്ടടുത്ത റോഡിൽ വീണ്ടും പുലിയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ഭീതി ഇരട്ടിപ്പിച്ചു. ജൂലൈ 9 മുതൽ ഭരത്നഗർ മേഖലയിൽ മാത്രം നാല് തവണയാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പതിമൂന്നാം മെയിൻ റോഡിൽ വെച്ച് പുള്ളിപ്പുലി ഒരു നായയെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കണ്ടതോടെ ജനങ്ങൾ കൂടുതൽ പരിഭ്രാന്തിയിലായി. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിക്കുകയും ഇരയായി കോഴിയെ വെക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, പുലി കൂടിന് സമീപം എത്തുന്നതല്ലാതെ ഉള്ളിലേക്ക് കയറുന്നില്ല.
പുള്ളിപ്പുലിയെ വീണ്ടും കണ്ട ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാടുകൾ നാട്ടുകാർ തടിച്ചുകൂടി ജെ.സി.ബി ഉപയോഗിച്ച് പൂർണ്ണമായും വെട്ടിത്തെളിച്ചു. ഭയം കാരണം കുട്ടികളെ പുറത്തുവിടാനോ വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങാനോ സാധിക്കുന്നില്ലെന്ന് താമസക്കാർ പരാതിപ്പെടുന്നു. ആളുകൾക്ക് ജീവഹാനി സംഭവിക്കുന്നതിന് മുൻപ് കൂടുതൽ കൂടുകൾ സ്ഥാപിച്ച് പുള്ളിപ്പുലിയെ ഉടൻ പിടികൂടി ഉൾക്കാട്ടിലേക്ക് മാറ്റണമെന്ന് വനംവകുപ്പ് അധികൃതരോട് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]