ബെംഗളൂരു: പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ സംസ്ഥാന സർക്കാർ ആരംഭിച്ച അഭിമാന പദ്ധതിയായ ഇന്ദിര കാന്റീനുകളുടെ പ്രവർത്തനം തുംകൂറിൽ പൂർണ്ണമായും താളംതെറ്റി. കഴിഞ്ഞ എട്ട് ദിവസമായി തുംകൂർ നഗരത്തിലെ ആറ് ഇന്ദിര കാന്റീനുകളാണ് അധികൃതരുടെ അവഗണനയെത്തുടർന്ന് അടച്ചുപൂട്ടിയിട്ടിരിക്കുന്നത്.
ഇതോടെ കുറഞ്ഞ ചിലവിൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്ന നൂറുകണക്കിന് സാധാരണക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. ജില്ലാ ഭരണകൂടം കാറ്ററിംഗ് കോൺട്രാക്ടർമാർക്ക് കൃത്യമായി പണം നൽകാത്തതാണ് കാന്റീനുകൾ പൂട്ടാൻ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദിര കാന്റീനുകൾ ആരംഭിച്ചതെങ്കിലും ഭരണപരമായ അനാസ്ഥ മൂലം നിരന്തരം പ്രതിസന്ധികൾ നേരിടുകയാണ്. കഴിഞ്ഞ ഒരു വർഷമായി കോൺട്രാക്ടർമാർക്ക് ജില്ലാ ഭരണകൂടത്തിൽ നിന്നും ഫണ്ട് ലഭിക്കാത്തതിനാൽ കാന്റീൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിച്ചിട്ടില്ല.
ഇതേത്തുടർന്ന് ഭൂരിഭാഗം തൊഴിലാളികളും ജോലി ഉപേക്ഷിച്ചു പോവുകയായിരുന്നു. എന്നാൽ, കോൺട്രാക്ടർമാർ ചില സുപ്രധാന നിയമങ്ങൾ ലംഘിച്ചതാണ് ബില്ലുകൾ മാറാൻ വൈകുന്നതിന് കാരണമെന്നാണ് തുംകൂർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറുടെ വിശദീകരണം. നിയമലംഘനത്തിന് കോൺട്രാക്ടർമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അധികൃതർക്ക് മുന്നിൽ പലതവണ ബില്ലുകൾ പാസാക്കാൻ അപേക്ഷിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കരാറുകാർ കാന്റീനുകൾ അടച്ചിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പെട്ടെന്നൊരു ദിവസം കാന്റീൻ പൂട്ടുകയല്ല ഇവർ ചെയ്തത്. ആദ്യഘട്ടത്തിൽ രാത്രിയിലെ അത്താഴ വിതരണവും, പിന്നീട് പ്രഭാതഭക്ഷണവും നിർത്തിവെച്ച് ഇവർ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നിട്ടും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇപ്പോൾ കാന്റീനുകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചിരിക്കുന്നത്. ബിൽ തുക എത്ര മാസത്തെയാണ് കുടിശ്ശികയുള്ളതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും, കോർപ്പറേഷനും കരാറുകാരും തമ്മിലുള്ള തർക്കത്തിന് ഇരയാകുന്നത് നഗരത്തിലെ നിരാലംബരായ സാധാരണക്കാരാണ്. കാന്റീനുകൾ എത്രയും വേഗം തുറന്നുപ്രവർത്തിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]