പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) യാത്രക്കാരുടെ ഫോണുകൾ കൈക്കലാക്കി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന സംഘം സജീവമാകുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ വെച്ചുണ്ടായ അനുഭവം വിവരിച്ച് യാത്രക്കാരൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യാത്രക്കാർ വലിയ ആശങ്കയിലാണ്.

കഴിഞ്ഞ ജൂൺ 13-ന് ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ പുണെ സ്വദേശിയായ രൺവിജയ് എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. വിമാനത്താവളത്തിൽ നല്ല തിരക്കുള്ള സമയത്ത് ആദ്യം ഒരു മധ്യവയസ്കൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനെന്ന വ്യാജേന രൺവിജയ്യെ സമീപിക്കുകയും ഫോൺ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ അയാളുടെ കയ്യിൽ സജീവമായി പ്രവർത്തിക്കുന്ന മറ്റൊരു ഫോൺ ഉണ്ടായിരുന്നതിനാൽ സംശയം തോന്നിയ രൺവിജയ് ഫോൺ നൽകാൻ വിസമ്മതിക്കുകയും അവിടെ നിന്നും മാറാൻ ആവശ്യപ്പെടുകയും ചെയ്തു.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

തൊട്ടുപിന്നാലെ ഇരുപത് വയസ്സ് തോന്നിക്കുന്ന മറ്റൊരു യുവാവ് പണമിടപാട് നടത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് രൺവിജയ്യെ സമീപിച്ചു. തന്റെ അക്കൗണ്ടിൽ നിന്നും പണം അയക്കാൻ പറ്റുന്നില്ലെന്നും, രൺവിജയ്യുടെ ഫോൺ ഉപയോഗിച്ച് പണം നൽകിയാൽ വീട്ടിലെത്തിയുടൻ അത് തിരികെ തരാമെന്നുമായിരുന്നു യുവാവിന്റെ വാഗ്ദാനം. എന്നാൽ ഇയാളുടെ കയ്യിൽ നിരവധി ക്യുആർ കോഡുകളുള്ള (QR Codes) ഒരു പേപ്പർ ഉണ്ടായിരുന്നു. സംശയം തോന്നി രൺവിജയ് ശബ്ദമുയർത്തുകയും ആളുകളെ കൂട്ടാൻ ശ്രമിക്കുകയും ചെയ്തതോടെ തട്ടിപ്പുകാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. ജൂൺ 22-ന് രൺവിജയ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 28 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ബെംഗളൂരു വിമാനത്താവളത്തിലും നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ ഫോൺ ചോദിച്ചു വാങ്ങിയുള്ള തട്ടിപ്പുകൾ മുൻപും നടന്നിട്ടുള്ളതായി മറ്റ് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു. പണം നേരിട്ട് ചോദിക്കുന്നതിന് പകരം അടിയന്തരമായി ഒരു ഫോൺ കോൾ ചെയ്യാനെന്നോ, ഇന്റർനെറ്റിൽ എന്തോ തിരയാനെന്നോ വ്യാജേന ഫോൺ കൈക്കലാക്കുകയാണ് ഇവരുടെ പുതിയ ശൈലി. തുടർന്ന് ഫോണിലെ ബാങ്കിംഗ് ആപ്പുകളും മറ്റ് വ്യക്തിഗത വിവരങ്ങളും ചോർത്തിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

ഇതുവരെ ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ സംരക്ഷണ സേനയും (RPF) കെഎസ്ആർടിസിയും അറിയിച്ചു. എങ്കിലും, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ വിമാനത്താവള പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക പരാതി ലഭിക്കാത്തതിനാൽ കൃത്യമായ സമയം വ്യക്തമല്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തിൽ തട്ടിപ്പുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിമാനത്താവളത്തിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായും സംശയാസ്പദമായ നീക്കങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ പട്രോളിംഗ് ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വിമാനത്താവള നടത്തിപ്പുകാരായ ബിഐഎഎൽ (BIAL) തയ്യാറായിട്ടില്ല.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts