ബെംഗളൂരു: ഓണത്തിന് ഇനിയും രണ്ട് മാസം ബാക്കിയുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാനുള്ള ബെംഗളൂരു മലയാളികളുടെ വൻ തിരക്ക് ഇപ്പഴേ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ ഓഗസ്റ്റ് 21-ാം തീയതിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചയുടൻ തന്നെ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. ഈ വർഷത്തെ തിരുവോണം ഓഗസ്റ്റ് 26-ന് ആണെങ്കിലും, അതിന് മുന്നോടിയായുള്ള വെള്ളിയാഴ്ച (ഓഗസ്റ്റ് 21) നാട്ടിലേക്ക് മടങ്ങാനാണ് കൂടുതൽ പേരും താല്പര്യം കാണിക്കുന്നത്. ഇതേത്തുടർന്നാണ് വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നത്. അടുത്ത ദിവസമായ ഓഗസ്റ്റ് 22-ലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും.
പ്രതിദിന സർവീസുകളായ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്, യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. മംഗളൂരു വഴി സർവീസ് നടത്തുന്ന കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസിൽ മാത്രമാണ് നിലവിൽ ടിക്കറ്റുകൾ ബാക്കിയുള്ളത്. ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതായതോടെ വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസുകളിലും സ്വകാര്യ ബസുകളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പ്രധാന ട്രെയിനുകളിൽ ഓഗസ്റ്റ് 21-ലെ റിസർവേഷൻ നില താഴെ പറയുന്ന പ്രകാരമാണ്:
ട്രെയിനുകളില്‍ ഓഗസ്റ്റ് 21ലെ റിസർവേഷൻ നില
-
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ്: സ്ലീപ്പർ, എസി ഇക്കോണമി, സെക്കൻഡ് എസി എന്നിവയിൽ വെയ്റ്റ് ലിസ്റ്റ് പരിധി കഴിഞ്ഞതോടെ റിസർവേഷൻ പൂർണ്ണമായും നിർത്തിവെച്ചു. ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് ‘റിഗ്രറ്റ്’ (Regret) സന്ദേശമാണ് കാണിക്കുന്നത്. തേഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 130 കടന്നു.
-
മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്: സ്ലീപ്പറിൽ 110, എസി ഇക്കോണമിയിൽ 30, തേഡ് എസിയിൽ 55, സെക്കൻഡ് എസിയിൽ 40 എന്നിങ്ങനെയാണ് നിലവിലെ വെയ്റ്റ് ലിസ്റ്റ്.
-
എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസ്: സ്ലീപ്പർ ക്ലാസിലെ ബുക്കിങ് പൂർണ്ണമായി നിർത്തി. തേഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 110 പിന്നിട്ടു കഴിഞ്ഞു.
-
യശ്വന്തപുര–കണ്ണൂർ എക്സ്പ്രസ് (പാലക്കാട് വഴി): സ്ലീപ്പറിൽ 170, തേഡ് എസിയിൽ 92, സെക്കൻഡ് എസിയിൽ 40, ഫസ്റ്റ് ക്ലാസിൽ 7 എന്നിങ്ങനെയാണ് വെയ്റ്റ് ലിസ്റ്റ് നിരക്കുകൾ.
-
കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (മംഗളൂരു വഴി): സ്ലീപ്പറിൽ 40, തേഡ് എസിയിൽ 120, സെക്കൻഡ് എസിയിൽ 35, ഫസ്റ്റ് ക്ലാസിൽ 14 എന്നിങ്ങനെ ടിക്കറ്റുകൾ നിലവിൽ ബാക്കിയുണ്ട്.
