മുംബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ പേരു കൊണ്ടും പ്രവർത്തനശൈലി കൊണ്ടും തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ രാഷ്ട്രീയപ്രവേശനത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച മകന്റെ പുതിയ നീക്കങ്ങളിൽ മാതാപിതാക്കളായ ഭഗവാന്‍ ദിപ്‌കെയും അനിത ദിപ്കെയും കടുത്ത ആശങ്ക രേഖപ്പെടുത്തി.
അവൻ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, രാഷ്ട്രീയത്തിൽ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമാണെങ്കിലും അതിനോട് തങ്ങൾക്ക് താല്പര്യമില്ലെന്നും മറാത്തി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഇക്കാര്യത്തിൽ മകന് തന്റെ പിന്തുണയുണ്ടാകില്ലെന്നും, നിലവിലെ സാഹചര്യത്തിൽ അവന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ഭയമുണ്ടെന്നും മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
ഛത്രപതി സംഭാജിനഗറില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഭിജീത് ഉന്നത വിദ്യാഭ്യാസത്തിനായി പൂനെയിലേക്കാണ് പോയതെന്ന് പിതാവ് ഭഗവാന്‍ ദിപ്‌കെ പറഞ്ഞു. പിന്നീട് ജേര്‍ണലിസം പഠിക്കാനായി വിദേശത്തും പോയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മകന്റെ ഇത്തരം ഇടപെടലുകള്‍ അത്ര സുരക്ഷിതമല്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ തികച്ചും പരിഹാസാത്മകമായ രീതിയില്‍ (Satire) അവതരിപ്പിച്ചുകൊണ്ടാണ് കോക്രോച്ച് ജനത പാര്‍ട്ടി യുവാക്കള്‍ക്കിടയില്‍ വളരെവേഗം ശ്രദ്ധ പിടിച്ചുപറ്റിയത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളെയും പ്രമുഖ നേതാക്കളെയും വിമര്‍ശിക്കുന്ന മീമുകളും ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളുമാണ് ഈ കൂട്ടായ്മ പ്രധാനമായും മുന്നോട്ട് വെക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വളരുന്ന ഈ പ്രസ്ഥാനത്തിന് നിലവിൽ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 20 മില്യണിലധികം (രണ്ടു കോടി) ഫോളോവേഴ്‌സാണുള്ളത്. ഈ അപ്രതീക്ഷിത പ്രശസ്തിയും അതിനെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ വൈരാഗ്യങ്ങളുമാണ് കുടുംബത്തെ വലിയ ആശങ്കയിലാക്കിയിരിക്കുന്നത്. അതേസമയം, യുവജനങ്ങള്‍ക്കിടയില്‍ ഈ കൂട്ടായ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ വിമര്‍ശനങ്ങളും പരിഹാസങ്ങളും തന്നെയാണ് പാര്‍ട്ടിക്ക് വലിയ തോതിൽ ജനശ്രദ്ധ നേടിക്കൊടുത്തത്. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഡിജിറ്റൽ കൂട്ടായ്മകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കോക്രോച്ച് ജനത പാര്‍ട്ടി പോലുള്ള നീക്കങ്ങളെ പുതിയ കാലത്തെ രാഷ്ട്രീയ പരീക്ഷണങ്ങളായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
