ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ബെംഗളൂരു: ഡെലിവറി ജീവനക്കാർക്കെതിരെയുള്ള പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബംഗളൂരു സിറ്റി പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, നഗരത്തിൽ ഡെലിവറി എക്സിക്യൂട്ടീവുമാരുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും തുടരുന്നു. ഏറ്റവും പുതിയ സംഭവത്തിൽ, സദാശിവനഗറിലെ എം.എസ്.ആർ നഗറിൽ ഇരുപത്തിയൊമ്പതുകാരനായ ഒരു അഭിഭാഷകനെ സെപ്റ്റോ (Zepto) ഡെലിവറി എക്സിക്യൂട്ടീവ് മർദ്ദിച്ചതായി പരാതി ഉയർന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഓർഡർ നൽകിയ സാധനങ്ങൾ എത്തിക്കാനായെത്തിയ ഡെലിവറി എക്സിക്യൂട്ടീവ്, ലൊക്കേഷൻ ചോദിച്ചറിയാനായി ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ എടുത്തിരുന്നില്ല. ഇതേച്ചൊല്ലി വീട്ടുപടിക്കൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനിടെ ഡെലിവറി എക്സിക്യൂട്ടീവ് ഉപഭോക്താവിനെ ചീത്തവിളിക്കുകയും ക്രൂരമായി മർദ്ദിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ അഭിഭാഷകനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഭിഭാഷകൻ സ്വയം പ്രതിരോധിക്കാനാണ് ശ്രമിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹർഷ കെ.എസ് എന്ന് തിരിച്ചറിഞ്ഞ പ്രതി അഭിഭാഷകന്റെ മുഖത്ത് ഇടിച്ച ശേഷമാണ് ഒളിവിൽ പോയത്. സെപ്റ്റോ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് പോലീസ് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ കഴിയുന്ന ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

  ബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ 'നമ്മകസ'; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്

റോഡ് പ്രകോപനങ്ങൾ, മർദ്ദനം, പീഡനം, മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാർക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ, ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി യോഗം ചേർന്ന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു അതിക്രമം റിപ്പോർട്ട് ചെയ്യുന്നത്.

ഭക്ഷണ-പലചരക്ക് ഡെലിവറി ആപ്പുകളുമായി ബന്ധപ്പെട്ട് 2025-ൽ ക്രിമിനൽ കേസുകളിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവ് ഒറ്റപ്പെട്ട സംഭവങ്ങളായല്ല, മറിച്ച് നഗരത്തിൽ അതിവേഗം വളരുന്ന ഗിഗ് എക്കണോമിയിലെ (Gig Economy) സമ്മർദ്ദങ്ങളെയും സുരക്ഷാ വീഴ്ചകളെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. പോലീസ് ലഭ്യമാക്കിയ വിവരങ്ങൾ പ്രകാരം 2023-നും 2025-നും ഇടയിൽ ഡെലിവറി എക്സിക്യൂട്ടീവുകൾക്കും അതുമായി ബന്ധപ്പെട്ട പ്രതികൾക്കുമെതിരെ 44 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 24 കേസുകളും (54 ശതമാനത്തിലധികം) 2025-ൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. ഇത് വർഷം തോറും കേസിൻ്റെ എണ്ണത്തിൽ ഉണ്ടാകുന്ന വലിയ വർദ്ധനവിനെ കാണിക്കുന്നു.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

നഗരത്തിലെ റോഡുകളിൽ ഡെലിവറി ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് കേസുകൾ കൂടാൻ ഒരു കാരണമെന്ന് പോലീസ് അധികൃതർ പറയുന്നു. ഡെലിവറി സമയങ്ങളിലെ ആക്രമണാത്മക പെരുമാറ്റം, അതിക്രമങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, കവർച്ചകൾ, തർക്കങ്ങൾ എന്നിവ വർദ്ധിച്ചുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സൊമാറ്റോയാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. സൊമാറ്റോ ജീവനക്കാർക്കെതിരെ 13 കേസുകളും, സ്വിഗ്ഗിക്കെതിരെ 11 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊത്തം രജിസ്റ്റർ ചെയ്ത കേസുകളിൽ 55 ശതമാനത്തോളവും ഈ രണ്ട് പ്രമുഖ ഫുഡ് ഡെലിവറി കമ്പനികളുമായി ബന്ധപ്പെട്ടതാണ്. ഇതേ കാലയളവിൽ സെപ്റ്റോ ആറ് കേസുകളും ബ്ലിങ്കിറ്റ് അഞ്ച് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us