ബെംഗളൂരു: സി.പി.എം സമ്മേളനത്തിൽ ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് കേരള മുഖ്യമന്ത്രി.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിനും സംഘപരിവാറിനുമെതിരെ പിണറായിയുടെ കടന്നാക്രമണം. കർണാടകയിൽ വർഗീയധ്രുവീകരണം രൂക്ഷമാക്കാൻ ഹിജാബ് ഒരു വിഷയമായി ഉപയോഗിക്കുകയും അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാഠങ്ങളിൽനിന്ന് സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി വിദ്യാർത്ഥികളിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനിടയിൽ വർഗീയമായ ഭിന്നിപ്പ് കൂട്ടാൻ ഹിജാബ് ഉപയോഗിച്ചു. അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്തു. ഉഡുപ്പിയിലും മംഗളൂരുവിലും മുസ്‌ലിം കുട്ടികളെ സ്‌കൂളുകളിൽ നിന്ന് പുറത്താക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടകയിൽ സ്‌കൂളുകളിലൂടെ വിദ്യാർത്ഥികളിൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. പാഠപുസ്തകങ്ങളിൽ സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കി. പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് ഭഗത് സിങ്ങിനെ നീക്കം ചെയ്തു. സാറാ അബൂബക്കറിന്റെ കഥയും ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങളുമെല്ലാം പുസ്തകത്തിൽനിന്ന് ഒഴിവാക്കി. ചരിത്രത്തെ ഇല്ലാതാക്കാനും കുട്ടികളിൽ വർഗീയവൽക്കരിക്കാനുമാണ് ശ്രമിക്കുന്നതെന്നും പിണറായി വിമർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.