ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്ത ബി.എം.ടി.സി (ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ) കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് രണ്ടിന് നെലമംഗല ടോൾ പ്ലാസയ്ക്ക് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് അധികൃതരുടെ നടപടി.

ബി.എം.ടി.സി യൂണിറ്റ്-43 ലെ ജീവനക്കാരനായ കൃഷ്ണമൂർത്തി (ബിൽ നമ്പർ: 11503) എന്ന കണ്ടക്ടർക്കെതിരെയാണ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്. റൂട്ട് നമ്പർ 258SD/1 (KA-57 F-1104) ബസിൽ ഡ്യൂട്ടിയിലായിരുന്ന ഇയാൾ യാത്രക്കാരനോട് ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങൾ പിന്നാലെയെത്തിയ ബൈക്ക് യാത്രികന്റെ ക്യാമറയിലാണ് പതിഞ്ഞത്. വീഡിയോ വൈറലായതോടെ സംഭവം ഗൗരവമായെടുത്ത ബി.എം.ടി.സി ഉന്നത ഉദ്യോഗസ്ഥർ ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കൃഷ്ണമൂർത്തിയെ പ്രീ-ട്രയൽ സസ്പെൻഷനിലാക്കാൻ ഉത്തരവിടുകയായിരുന്നു.

സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് ബി.എം.ടി.സി പ്രസ്താവനയിലൂടെ അറിയിച്ചു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ബന്ധപ്പെട്ട ജീവനക്കാരന്റെയും യാത്രക്കാരുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്കും അന്തസ്സിനും മാന്യമായ സേവനത്തിനും കോർപ്പറേഷൻ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അനാസ്ഥയോ മോശം പെരുമാറ്റമോ യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും ബി.എം.ടി.സി വ്യക്തമാക്കി. പൊതുജനങ്ങളുടെ ആശങ്കകളെ മാനിക്കുന്നുവെന്നും സുരക്ഷിതവും യാത്രക്കാർക്ക് അനുയോജ്യവുമായ ഗതാഗത സേവനം ഉറപ്പാക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts