ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: മറ്റൊരു ജീവിതത്തിലേക്ക് ചുവടുവെക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കുരുങ്ങി മുപ്പതുകാരനായ വ്യവസായിക്ക് ദാരുണാന്ത്യം. ചാമരാജ്പേട്ടിൽ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും മൊത്തവ്യാപാരം നടത്തുന്ന വിശാൽ എം. ലുനാവത് (30) ആണ് വിധാന സൗധയ്ക്ക് വെറും 200 മീറ്റർ മാത്രം അകലെയുള്ള സി.ഐ.ഡി ആസ്ഥാനത്തെ സിഗ്നലിന് സമീപം ഉണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിശാലിന്റെ നിശ്ചയതാർത്ഥൂന്നിനായി ബന്ധുക്കളെല്ലാം വീട്ടിൽ ഒത്തുകൂടിയിരിക്കെയാണ് കരിനിഴൽ വീഴ്ത്തി ഈ ദുരന്ത വാർത്തയെത്തിയത്. ആഘോഷമാകേണ്ടിയിരുന്ന വീട്ടിൽ ഒടുവിൽ ബന്ധുക്കൾ ഒത്തുകൂടിയത് വിശാലിന്റെ അന്ത്യകർമ്മങ്ങൾക്കായിട്ടായിരുന്നു.

ഞായറാഴ്ച രാത്രി ജയനഗറിൽ നിന്നും അത്താഴം കഴിഞ്ഞ് ബന്ധുവിനൊപ്പം ബൈക്കിൽ കുമാര പാർക്കിലേക്ക് മടങ്ങുകയായിരുന്നു വിശാൽ. സിഗ്നൽ മറികടന്ന ഉടൻ തന്നെ റോഡിന് കുറുകെ അലക്ഷ്യമായി തൂങ്ങിക്കിടന്ന വെളുത്ത നിറത്തിലുള്ള കേബിൾ വയർ ഇവരുടെ ബൈക്കിൽ കുരുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞു. കൂടെയുണ്ടായിരുന്ന ബന്ധുവിന് കൈകാലുകളിൽ ചെറിയ പരിക്കുകൾ മാത്രമാണ് ഏറ്റത്. എന്നാൽ മറിഞ്ഞ ബൈക്ക് ശരീരത്തിലേക്ക് വീണ് വിശാലിന്റെ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ വിശാൽ ബോധാവസ്ഥയിലായിരുന്നുവെന്നും തന്റെ കാലിന് എന്തോ കുഴപ്പമുണ്ടെന്നും നടക്കാൻ കഴിയുന്നില്ലെന്നും തങ്ങളോട് സംസാരിച്ചിരുന്നതായും ബന്ധു പറഞ്ഞു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ഉടൻ തന്നെ വിശാലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും എക്സ്-റേ പരിശോധനയിൽ കാൽമുട്ടിന് സമീപം ഒടിവുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് വിദഗ്ദ്ധമായ അസ്ഥിരോഗ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കാറിലേക്ക് കയറ്റുന്നതിനിടെ വിശാൽ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർമാർ പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേബിൾ കുരുങ്ങി വീണതുമായി ബന്ധപ്പെട്ട ആഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ അപകടകരമായി കിടന്നിരുന്ന വലിയൊരു കേബിളിന്റെ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അപകടം നടന്നതിന് ശേഷവും ഈ കേബിൾ അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

നഗരസഭാ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് വിശാലിന്റെ ജീവൻ കവർന്നതെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിൽ പലയിടങ്ങളിലും റോഡിലേക്ക് കേബിളുകൾ വീണുകിടക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും ഇത് കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ജീവന് ഭീഷണിയാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും കോർപ്പറേഷൻ അധികൃതർ (ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി) മൗനം പാലിക്കുകയാണെന്നും കുടുംബം കുറ്റപ്പെടുത്തി. സാധാരണക്കാരൻ വീട് വെക്കുമ്പോൾ കൈക്കൂലി വാങ്ങാൻ ഗുണ്ടകളെപ്പോലെ എത്തുന്ന അധികൃതർ, ഇത്തരം ജീവഹാനിയുണ്ടാക്കുന്ന റോഡിലെ കേബിളുകൾ, കുഴികൾ, മാലിന്യങ്ങൾ എന്നിവ കാണുമ്പോൾ കണ്ണടയ്ക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വഴങ്ങാതെ അഴിമതി വിരുദ്ധ ഏജൻസികൾ ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts