ബെംഗളൂരു: സംസ്ഥാനത്തിന്റെ കായിക, കാർഷിക, സാമൂഹിക മേഖലകളിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള നിർണ്ണായക തീരുമാനങ്ങളുമായി കർണാടക മന്ത്രിസഭ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ബെംഗളൂരുവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനും മാണ്ഡ്യയിലെ മൈഷുഗർ ഫാക്ടറി നവീകരിക്കുന്നതിനും ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകി.
പ്രധാന തീരുമാനങ്ങൾ ചുരുക്കത്തിൽ:
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം: ബെംഗളൂരു നഗര ജില്ലയിലെ ആനേക്കൽ താലൂക്കിലുള്ള സൂര്യനഗറിൽ (കെ.എച്ച്.ബി സൂര്യ സിറ്റി) 80,000 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും. 813 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. സ്റ്റേഡിയം സമുച്ചയത്തിനായുള്ള വലിയ പദ്ധതി നിലവിൽ മാറ്റിനിർത്തി സ്റ്റേഡിയം നിർമ്മാണത്തിന് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
മൈഷുഗർ ഫാക്ടറി നവീകരണം: മാണ്ഡ്യയിലെ കർഷകരുടെ പ്രധാന ആശ്രയമായ മൈഷുഗർ ഫാക്ടറിയുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 60 കോടി രൂപ അനുവദിച്ചു. പ്രതിദിനം 5,000 ടൺ കരിമ്പ് സംസ്കരിക്കാൻ ശേഷിയുള്ള അത്യാധുനിക യന്ത്രങ്ങൾ ഇവിടെ സ്ഥാപിക്കും.
ദുരഭിമാനക്കൊല തടയാൻ പുതിയ നിയമം: ജാതിയുടെയും പാരമ്പര്യത്തിന്റെയും പേരിൽ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി ‘ഇവ നമവ ഇവ നമവ’ (കർണാടക വിവാഹ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനും ബഹുമാനിക്കാനും, പാരമ്പര്യത്തിന്റെ പേരിൽ കുറ്റകൃത്യങ്ങൾ തടയാനും അടിച്ചമർത്താനും) ബിൽ -2026 മന്ത്രിസഭ അംഗീകരിച്ചു. അന്തർജാതി വിവാഹിതർക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ മേഖല: സംസ്ഥാനത്തെ 76 മൗലാന ആസാദ് ഇംഗ്ലീഷ് മോഡൽ സ്കൂളുകളെയും 41 ഉറുദു മീഡിയം സ്കൂളുകളെയും ‘കർണാടക പബ്ലിക് സ്കൂളുകൾ’ (KPS) ആയി ഉയർത്താൻ തീരുമാനിച്ചു. 683.33 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
മറ്റ് ബില്ലുകൾ: പ്രൊഫഷനൽ നികുതി ഭേദഗതി ബിൽ, സ്വകാര്യ മെഡിക്കൽ സ്ഥാപന ഭേദഗതി ബിൽ, റവന്യൂ സർവീസസ് സ്റ്റാഫ് നിയമന നിയമങ്ങൾ എന്നിവയും മന്ത്രിസഭയുടെ പരിഗണനയിൽ വന്നു.
മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ
- ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിൽ മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 10.83 കോടി രൂപ ചെലവഴിച്ചാണ് റെയിൽവേ ബാരിക്കേഡുകൾ നിർമ്മിച്ചത്.
- ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 14 കോടി രൂപ ചെലവിൽ മാണ്ഡ്യയിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം.
- മുൽക്കി താലൂക്ക് പ്രജാസൗധ കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ 11.60 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു.
- ഗദഗ്, ശിരഹട്ടി, മുണ്ടർഗി താലൂക്കുകളിലെ ഗ്രാമീണ മേഖലകൾക്കായി 110.65 കോടി രൂപ ചെലവിൽ മൾട്ടി-ഗ്രാമ കുടിവെള്ള പദ്ധതി.
- മാണ്ഡ്യ കാവേരി ബ്രാഞ്ച് കനാൽ, കെരഗോഡു, ഷിംഷ, മദ്ദൂർ ബ്രാഞ്ച് കനാലുകൾക്ക് കീഴിലുള്ള വിതരണ കനാലും പിക്കപ്പ് കനാലുകളുടേയും നവീകരണത്തിന് 100 കോടി രൂപ ചെലവിൽ മന്ത്രിസഭ അംഗീകാരം നൽകി.
