ബെംഗളൂരു : ഐടി കമ്പനികൾക്കുള്ള തൊഴിൽനിയമങ്ങളിൽ ഇളവുവരുത്തിയ സംസ്ഥാനസർക്കാരിന്റെ നയത്തിനെതിരേ കർണാടക ഐടി എംപ്ലോയീസ് യൂണിയൻ രംഗത്ത്. പുതിയ നയപ്രകാരം എല്ലാ ഐടി കമ്പനികൾക്കും തൊഴിൽനിയമം പാലിക്കുന്നതിനായി സ്വയം സർട്ടിഫിക്കേഷൻ ഫയൽ ചെയ്യാനുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തിനെതിരേ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു.
നിലവിൽ, തൊഴിൽവകുപ്പ് ഐടി കമ്പനികളുടെ രേഖകൾ പരിശോധിക്കുകയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്നും സാക്ഷ്യപ്പെടുത്തുമായിരുന്നു. എന്നാൽ, ഇതിനെല്ലാമുള്ള അവകാശം കമ്പനികൾക്ക് സ്വയം വിട്ടുനൽകുമെന്നാണ് പുതിയ ഐടി നയത്തിൽ പറയുന്നത്.
തൊഴിൽനിയമങ്ങൾ നടപ്പാക്കാനുള്ള ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ പിന്മാറുകയാണെന്ന് യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.
ഇതിലൂടെ കോർപ്പറേറ്റുകൾക്ക് സർക്കാരും തൊഴിൽവകുപ്പും തൊഴിൽ ഭരണം, നിർവഹണം, പരിശോധന എന്നിവയ്ക്കുള്ള പൂർണ സ്വാതന്ത്ര്യം നൽകുകയാണെന്ന് കെഐടിയു ജനറൽ സെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു.
ഇത് തൊഴിൽനിയമങ്ങൾ ലംഘിക്കാൻ കോർപ്പറേറ്റുകൾക്ക് സ്വതന്ത്രമായ അവസരം നൽകുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും പണയപ്പെടുത്തി കർണാടക സർക്കാർ കോർപ്പറേറ്റ് താത്പര്യങ്ങൾ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും യൂണിയൻ ആരോപിച്ചു.
ഐടി മേഖല ഇതിനകംതന്നെ അമിതമായ ജോലിസമയം, നിർബന്ധിത പിരിച്ചുവിടൽ, അവധിനിഷേധിക്കൽ, എന്നിവയടക്കമുള്ള വ്യാപകമായ തൊഴിൽ നിയമലംഘനങ്ങൾക്ക് കുപ്രസിദ്ധമാണെന്നും സുഹാസ് അഡിഗ ആരോപിച്ചു. പുതിയ നയം വ്യവസായത്തിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.