കാക്കനാട്: അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്.
ഇന്നലെ രാവിലെ എട്ടരയോടെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോഴാണ് ബസിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ടത്.
എറണാകുളം ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സ്വകാര്യ കാറില്‍ യാത്രയിലായിരുന്നു മന്ത്രി. വാഹനത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡോ പൊലീസ് അകമ്പടിയോ ഇല്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. ഈ കാറിനുപിന്നാലെയെത്തിയ ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്തു.
ശബ്ദം ഇരപ്പിച്ച് മുന്നിലുള്ള മറ്റ് ചെറുവാഹനങ്ങളെയും മാറ്റിച്ച് അമിതവേഗത്തില്‍ പാഞ്ഞു. ഈ ബസിന്റെ പിന്നാലെ മന്ത്രിയുടെ വണ്ടിയും പോയി.
ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിട്ട് ബസ് സ്റ്റോപ്പില്‍ ഒതുക്കിയപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡ്രൈവറോട് ‘തന്റെ ഡ്രൈവിങ് ലൈസന്‍സ് പോയിട്ടോ’യെന്ന് വിളിച്ചുപറഞ്ഞ് മന്ത്രി പോകുകയായിരുന്നു.
ബസ് ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ലൈസന്‍സ് രണ്ടുമാസത്തേക്ക് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്.
അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ് തുടങ്ങി അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് മന്ത്രിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു.
മന്ത്രിയുടെ നിര്‍ദേശപ്രകാരം കാറിലുണ്ടായിരുന്നയാള്‍ ഈ രംഗങ്ങളൊക്കെ ഫോണില്‍ പകര്‍ത്തി എറണാകുളം ആര്‍ടിഒ കെ.ആര്‍. സുരേഷിന് വാട്‌സാപ്പില്‍ അയച്ചു നല്‍കി.
ഉടനടി കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ബസ് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് ശുപാര്‍ശയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
