ബെംഗളൂരു : തടവുകാരനായ ഗുണ്ടാനേതാവിന്റെ പിറന്നാൾ ജയിലിൽ ആഘോഷിച്ചതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
കൊലപാതകക്കേസിൽ വിചാരണ തടവുകാരനായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഗുബ്ബാച്ചി സീന എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീനിവാസയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ജയിൽ എഡിജിപി ബി. ദയാനനന്ദ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചതെങ്കിലും ആഘോഷം ഏതാനും മാസങ്ങൾക്കുമുൻപ് നടന്നതായിരിക്കുമെന്നാണ് വിലയിരുത്തൽ.
ശ്രീനിവാസ സഹതടവുകാർക്ക് ഒപ്പംനിന്ന് കത്തി ഉപയോഗിച്ച് പിറന്നാൾ കെയ്‌ക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. ഇയാൾ ആപ്പിളുകൾ കോർത്ത മാല ധരിച്ചിട്ടുണ്ടായിരുന്നു.
ഒപ്പമുള്ളവർ ശബ്ദമുണ്ടാക്കി ആഹ്ലാദം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഒട്ടേെറ കേസുകളിൽ പ്രതിയായ ശ്രീനിവാസ മറ്റൊരു ഗുണ്ടാനേതാവായ വെങ്കിടേശിനെ കൊലചെയ്തതിനാണ് അറസ്റ്റിലായത്.
ജയിലിൽ അതീവസുരക്ഷയിൽ താമസിപ്പിച്ചിരിക്കുന്ന ശ്രീനിവാസയുടെ ആഘോഷവും അത് മൊബൈൽ ഫോണിൽ പകർത്തിയതും ജയിലിൽ അധികൃതരുടെ ഗുരുതര വീഴ്ചയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.