ബെംഗളൂരു : കൃഷ്ണരാജസാഗർ (കെആർഎസ്) അണക്കെട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കർണാടക സാമൂഹികക്ഷേമവകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പ നടത്തിയ പരാമർശം വിവാദത്തിൽ.
കെആർഎസ് അണക്കെട്ടിന് ശിലയിട്ടത് ടിപ്പുസുൽത്താനാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ മൈസൂരുവിലെ വൊഡയാർ രാജകുടുംബവും ബിജെപിയും രംഗത്തെത്തി.
പ്രസ്താവന വിചിത്രവും അടിസ്ഥാനരഹിതവുമാണെന്ന് അണക്കെട്ട് നിർമിച്ച നൽവാഡി കൃഷ്ണരാജ വൊഡയാറിന്റെ അനന്തരവകാശിയും മൈസൂരു രാജാവും മൈസൂരു-കുടക് മണ്ഡലത്തിലെ എംപിയുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ പ്രതികരിച്ചു.
ആരാണ് അണക്കെട്ട് നിർമിച്ചതെന്ന് എല്ലാവർക്കും അറിയാം. ഒരിക്കലും എവിടെയും കേട്ടിട്ടില്ലാത്ത കഥയാണ് മന്ത്രി പറയുന്നതെന്നും യദുവീർ ആരോപിച്ചു.
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് മന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.
ടിപ്പുസുൽത്താൻ 1799-ൽ മരിച്ചു. അണക്കെട്ട് നിർമാണം തുടങ്ങിയത് 1911-ലാണെന്നും അശോക ചൂണ്ടികാട്ടി.
ബിജെപിയുടെ മുതിർന്ന നേതാവ് സി.ടി. രവിയും മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചു. കെആർഎസ് അണക്കെട്ടിന് ശിലയിട്ടത് ടിപ്പുസുൽത്താനാണെന്ന് ഇപ്പോൾ പറയുന്ന കോൺഗ്രസ് കുറച്ചുകഴിയുമ്പോൾ, സംസ്ഥാന ഗാനം എഴുതിയത് ടിപ്പുവിന്റെ പിതാവായ ഹൈദർഅലിയാണെന്ന അവകാശവാദം ഉന്നയിക്കുമെന്ന് പരിഹസിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]