ബെംഗളൂരു : കനത്തമഴയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കർണാടകയിൽനിന്ന് ഗോവയിലേക്കുള്ള നാല് റോഡുകൾ അടച്ചിട്ടു. ബെളഗാവി ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 748-ന് കീഴിലുള്ള റോഡുകളാണ് അടച്ചിട്ടത്. ബെളഗാവി ജില്ലയിലൂടെയുള്ള ഖാനപുർ, ജാംബോട്ടി, ചോർള വഴിയുള്ള പാതകളാണ് അടച്ചത്.
മേഖലയിലെ ചില ഭാഗങ്ങളും പാലങ്ങളും വെള്ളത്തിനടിയിലായതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. നിലവിൽ ജില്ലയിലെ ചന്ദ്ഗഢ് വഴിയുള്ള പാതയിലൂടെ മാത്രമേ വാഹനങ്ങൾക്ക് ഗതാഗത അനുമതിയുള്ളൂ.
മഴയ്ക്ക് ശമനമായാൽ റോഡുകൾ രണ്ട് ദിവസത്തിനുള്ളിൽ തുറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹാസൻ ജില്ലയിലെ സക്ലേഷ്‌പൂരിനടുത്തുള്ള ദേശീയപാത 75-ലെ മാരേനഹള്ളിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ബുധനാഴ്ച അർധരാത്രി മുതൽ ബെംഗളൂരു -മംഗളൂരു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് ബെംഗളൂരു-മംഗളൂരു ദേശീയപാത ഷിരാഡിഘട്ടിൽ മഴയ്ക്ക് ശമനമുണ്ടാകുന്നതുവരെ അടച്ചിട്ടതായി ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ലതാകുമാരി അറിയിച്ചു.
ഹാസനിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബേലൂർ -ചാർമാഡി -മംഗളൂരു റൂട്ട് തിരഞ്ഞെടുക്കണം. അതുപോലെ, മംഗളൂരുവിൽനിന്നുള്ളവർക്ക് സാമ്പാജെ – ചാർമാഡി ഘട്ട് -ബേലൂർ റൂട്ടിലൂടെ ബെംഗളൂരുവിലെത്താമെന്നും കെ.എസ്. ലതാകുമാരി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.