ബെംഗളൂരു: നഗരത്തിലെ ആളുകള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന ശത്രുതയെക്കുറിച്ചുള്ള പോസ്റ്റുകള്‍ വൈറലാവുകയാണ്. ബെംഗളൂരു നഗരത്തിലെ ആളുകള്‍ക്ക് തമ്മില്‍ തമ്മില്‍ വെറുപ്പാണെന്നും, പരസ്പരം ശത്രുത മാത്രം കൈമാറുകയാണെന്നും ചിലര്‍ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിനെ ഫാഷന്‍ സിറ്റി എന്ന് വിശേഷിപ്പിക്കുമ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് ചില സ്ത്രീകള്‍ വ്യക്തമാക്കി. അല്‍പ്പം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് പണക്കാരിയെ പോലെ നടന്നാല്‍ ആളുകള്‍ക്ക് എന്തോ അസഹിഷ്ണുതയുള്ളതായി തോന്നിയിട്ടുണ്ടെന്നും പല സ്ത്രീകളും പറഞ്ഞു.
കന്നഡിഗര്‍ അല്ല എന്ന് അവിടുത്തെ ആളുകൾക്ക് മനസിലായാൽ ഇത്തരം അവഗണനകള്‍ കൂടുമെന്നും ചിലര്‍ പറയുന്നു.’ഞാന്‍ ഒരു കന്നഡിഗനാണ്, പക്ഷെ ബെംഗളൂരു നഗരത്തെ സന്തോഷത്തോടെ കാണാന്‍ എനിക്ക് കഴിയുന്നില്ല.
ഇവിടെ ആളുകള്‍ തമ്മില്‍ സൗഹൃദമില്ല, എല്ലാവര്‍ക്കും എല്ലാത്തിനോടും വെറുപ്പാണ്.’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ കുറിപ്പില്‍ ഒരാള്‍ പറയുന്നു.മറ്റൊരു സ്ത്രീ ബെംഗളൂരു നഗരത്തില്‍ വച്ച് തനിക്ക് അനുഭവപ്പെട്ട ദുരനുഭവം പങ്കുവയ്ക്കുന്നുണ്ട്. ‘ഒരിക്കല്‍ ഞാന്‍ ഫോണ്‍ ചെയ്തുകൊണ്ട് ബസിന്റെ വാതിലില്‍ മുട്ടിയതിന് കണ്ടക്ടര്‍ എന്നോട് വളരെ മോശമായി പെരുമാറി. ചെറിയ സംഭവമാണെങ്കിലും ഇത് എന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. ഇനി ഈ നഗരത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു.’ അവര്‍ തന്റെ കുറിപ്പില്‍ വിശദീകരിച്ചു.
ബെംഗളൂരു നഗരത്തില്‍ ആളുകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വെറുപ്പിന്റെ ചെറിയ ഉദാഹരണം മാത്രമാണ് ഇതെന്ന് പലരും കമന്റ് ചെയ്തു.നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആളുകള്‍ തുടങ്ങി എല്ലാവരും ആളുകളോട് മുന്‍വൈരാഗ്യമുള്ളത് പോലെ പെരുമാറുന്നു.
പലരും തങ്ങളുടെ ജോലിയെ വെറുക്കുകയും, അത് ചെയ്യേണ്ടി വരുന്നതിലുള്ള നീരസം ഗുണഭോക്താക്കളോട് തീര്‍ക്കുകയുമാണ് ചെയ്യുന്നത്.’ ബെംഗളൂരുവില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീ തന്റെ അനുഭവം പങ്കുവച്ചു.പലര്‍ക്കും പല തരത്തിലുള്ള മോശം അനുഭവങ്ങളുണ്ടായിട്ടുള്ള നഗരമാണ് ബെംഗളൂരുവെന്ന് പലതരത്തിലുള്ള കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ബെംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ ഇത്തരം പ്രശ്‌നങ്ങളോ, ആളുകളുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നഗരത്തില്‍ നിന്നുള്ള ആളുകളുടെ ഇത്തരം പോസ്റ്റുകള്‍ ബെംഗളൂരുവിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറ്റുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം, ബെംഗളൂരുവില്‍ നിന്നുണ്ടായ ഈ മോശം അനുഭവത്തിന് മാപ്പ് പറയുകയാണ് ചില ആളുകള്‍. ഈ നഗരത്തില്‍ നിന്ന് അത്തരം അനുഭവങ്ങളുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ബെംഗളൂരു സ്വദേശികള്‍ വ്യക്തമാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.