ബെംഗളൂരു : ജോലിസമയം 12 മണിക്കൂർവരെയായി ഉയർത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രധിഷേധമാരംഭിച്ചത്.
ഗ്ലോബൽ ടെക്പാർക്കിന്റെ മുൻപിൽ നടന്ന പ്രതിഷേധസമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. പ്ലക്കാർഡുമേന്തിയാണ് പ്രവർത്തകർ അണിനിരന്നത്. വൈറ്റ് ഫീൽഡിലെ ഐടി സ്ഥാപനങ്ങളുടെ മുൻപിലും പ്രതിഷേധമുണ്ടായി.
സാധാരണ ജോലിസമയം പത്തുമണിക്കൂറും ഓവർടൈമുൾപ്പെടെ 12 മണിക്കൂറുമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്. നിലവിൽ സാധാരണ ജോലിസമയം ഒൻപതുമണിക്കൂറും ഓവർടൈം ഒരു മണിക്കൂറുമാണ്.
1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയർത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങൾ ഈ നിയമത്തിന്റെ കീഴിലാണ്. ജീവനക്കാർ എതിർപ്പുന്നയച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ച നടത്തിയശേഷമേ നിയമം നടപ്പാക്കുകയൂള്ളൂവെന്ന് തൊഴിൽമന്ത്രി സന്തോഷ് ലാഡ് അറിയിച്ചിട്ടുണ്ട്.
കർണാടകയിലെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽസമയം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം നടത്തിയ നീക്കം ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ ഒഴിവാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.