ബെംഗളൂരു : കാലവർഷത്തിന് മുമ്പെ കനത്ത മഴ തുടരുന്ന കർണാടകയിൽ ഏഴു ജില്ലകളിൽ കനത്ത ജാഗ്രത നിർദേശവുമായി അധികൃതർ.
ചൊവ്വാഴ്ച വൈകീട്ട് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പു പ്രകാരം, തീരദേശ ജില്ലകളിലും തെക്കൻ ഉൾഭാഗങ്ങളായ മലനാട് മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുളളിൽ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഏഴു ജില്ലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രതയോടെയിരിക്കണമെന്നാണ് നിർദേശം.
അതേസമയം, തലസ്ഥാന നഗരമായ ബംഗളൂരുവിൽ ബുധനാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
വ്യാഴാഴ്ച മുതൽ ലഭിച്ച മഴ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയും അതിശക്തമാവുകയായിരുന്നു.
ഇതോടെ നഗരത്തിന്റെ പല മേഖലയും വെള്ളക്കെട്ടിന്റെ ദുരിതത്തിലായിരുന്നു. പലയിടത്തും ഇതിന്റെ ദുരിതമൊഴിഞ്ഞിട്ടില്ല.
വെള്ളം കയറിയ വീടുകളിലും കെട്ടിടങ്ങളിലും ചൊവ്വാഴ്ച ശുചീകരണ പ്രവൃത്തികൾ നടന്നു. ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പൂർണമായും പ്രയാസത്തിലായത്.
കഴിഞ്ഞ മൂന്നു ദിവസമായി പലരും നിത്യവൃത്തിക്കുള്ള ജോലിക്കുപോലും പോകാനാവാതെ പ്രയാസപ്പെടുകയാണെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. പല വീടുകളിലും ഭക്ഷ്യധാന്യങ്ങളടക്കം വെള്ളം കയറി നശിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയവർ വിവിധയിടങ്ങളിൽ ദുരിതമേഖലകൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ നേതൃത്വത്തിൽ ബി.ജെ.പി ജനപ്രതിനിധികളുടെ സംഘവും ദുരിത മേഖലകൾ സന്ദർശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.