മൈസൂരു : സംസ്ഥാനത്തെ ഹോം സ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പുതിയ മാർഗ നിർദേശവുമായി സർക്കാർ. ഹംപിയിൽ ഇസ്രായേലി വിനോദ സഞ്ചാരിയേയും ഹോം സ്റ്റേ ഉടമയേയും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ ഉടമകൾ എല്ലാ സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.
വിദേശ വിനോദ സഞ്ചാരികളെ വിദൂര പ്രദേശങ്ങളിലേക്കോ വിജനമായ ഇടങ്ങളിലേക്കോ കൊണ്ടുപോകുന്നതിന് മുമ്പ് ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ അധികൃതർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.
സഞ്ചാരികളുടെ പൂർണ വിവരങ്ങൾ സ്റ്റേഷനിൽ അറിയിക്കണം. സഞ്ചാരികളെ വനം, വന്യജീവി സങ്കേതങ്ങളിൽ കൊണ്ടുപോകുന്നതിന് മുമ്പ് വനം വകുപ്പിന്റെ അനുമതിയും തേടണം. അല്ലാത്തപക്ഷം സഞ്ചാരികൾ വന്യജീവി ആക്രമണത്തിന് ഇരയായാൽ പൂർണ ഉത്തരവാദിത്വം ഹോം സ്റ്റേ, റിസോർട്ട് ഉടമകൾക്കായിരിക്കും. ബന്ധപ്പെട്ടവർ മാർഗ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കാണം. ഇതിനുപുറമെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവമാണ് ഹംപിക്ക് സമീപം അനെഗുണ്ടിയിൽ 27-കാരിയായ ഇസ്രായേലി വിനോദ സഞ്ചാരിയേയും 29-കാരിയായ ഹോം സ്റ്റേ ഉടമയേയും മൂന്നുപേർ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു.