ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്നു കടത്തുകാർക്കെതിരേ നടപടി ശക്തമാക്കി പോലീസ്. മയക്കുമരുന്ന് വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തടയാനുള്ള ശ്രമങ്ങളാണ് പോലീസ് നടത്തിവരുന്നത്.
പരിശോധന ഊർജിതമാക്കിയതിനെത്തുടർന്ന് ഫെബ്രുവരിയിൽ ബെംഗളൂരുവിൽ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം 40 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് വിദേശികളുൾപ്പെടെ 55 പേർ അറസ്റ്റിലാവുകയും ചെയ്തു.
ഇവരിൽനിന്ന് 130.8 കിലോഗ്രാം കഞ്ചാവ്, 17 ഗ്രാം ഹെറോയിൻ, 2.8 കിലോഗ്രാം ഒപ്പിയം, 429 ഗ്രാം ഹാഷിഷ് ഓയിൽ, 1.4 കിലോഗ്രാം എംഡിഎംഎ എന്നിവയാണ് പിടിച്ചെടുത്തതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് അറിയിച്ചു.
അടുത്തിടെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 20 കിലോഗ്രാം കഞ്ചാവ് ചെടികളുമായി അഞ്ചുപേരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) പിടികൂടിയിരുന്നു. തായ്‌ലൻഡിൽനിന്നു വന്ന സംഘമാണ് പിടിയിലായത്.
തായ്‌ലൻഡിൽനിന്ന് ലഹരിമരുന്ന് ബെംഗളൂരുവിലെത്തിക്കാൻ കാരിയർ ആയി തങ്ങളെ ഉപയോഗിച്ചുവരികയാണെന്നാണ് പ്രതികൾ മൊഴിനൽകിയത്. അതിനാൽ ലഹരി കടത്തുന്നവരെ നിയന്ത്രിക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്
അന്വേഷണസംഘം. ബെംഗളൂരുവിൽ കോളേജ് വിദ്യാർഥികൾക്കും ഐടി ഉൾപ്പെടെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ലഹരിമരുന്ന് വിതരണം ചെയ്യുന്നവർ ഒട്ടേറെയാണ്. ലഹരിമരുന്നു കടത്തു സംഘത്തിനെതിരേ നടപടി ശക്തമാക്കാനും അന്വേഷണം ഊർജിതമാക്കാനും നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.