ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ എട്ട് സർക്കാരുദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ബെംഗളൂരു, കോലാർ, കലബുറഗി, തുമകൂരു, വിജയപുര, ദാവണഗരെ, ബാഗൽകോട്ട് എന്നീ ജില്ലകളിലാണ് റെയ്ഡ് നടത്തിയത്.
സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള വസ്തുക്കൾ, ആഡംബരവാഹനങ്ങൾ, വീടുകൾ, വ്യാജരേഖകൾ എന്നിവ കണ്ടെത്തിയതായി ലോകായുക്ത എസ്.പി. എം.എസ്. കൗലാപുരെ പറഞ്ഞു.
ദാവണഗരെ ജില്ലാ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി യൂണിറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജി.എസ്. നാഗരാജുവുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ റെയ്ഡ് നടത്തി.
നാഗരാജുവിന്റെ എസ്. നിജലിംഗപ്പ ലേഔട്ടിലെ വീട്, പിതാവ് ഷൺമുഖപ്പയുടെ വീട്, ഫാം ഹൗസ്, ഓഫീസ്, നാഗരാജുവിന്റെ കുടുംബം നടത്തുന്ന സഹകരണ സൊസൈറ്റിയുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്.
ഡി.പി.എ.ആർ. ബെംഗളൂരു ചീഫ് എൻജിനീയർ ടി.ഡി. നഞ്ജുണ്ടപ്പ, ബി.ബി.എം.പി. ക്വാളിറ്റി കൺട്രോൾ ആൻഡ് ക്വാളിറ്റി അഷുറൻസ് എക്സിക്യുട്ടീവ് എൻജിനീയർ എച്ച്.ബി. കലേശപ്പ, കോലാർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ജി. നാഗരാജ്, കലബുറഗി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഉദ്യോഗസ്ഥൻ ജഗനാഥ്, തുമകൂരു തവർകെരെ പ്രൈമറി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ജോ പി. ജഗദീഷ്, ബാഗൽകോട്ട് പഞ്ചായത്ത് രാജ് എൻജിനീയറിങ് വിഭാഗം ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് മാലപ്പ സബണ്ണ ദുർഗദ, വിജയപുര ഹൗസിങ് ബോർഡ് ഉദ്യോഗസ്ഥൻ ശിവാനന്ദ ശിവശങ്കർ കെംഭവി എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.