വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിൽ എത്തി; യുവാവിനെ ഭീഷണിപ്പെടുത്തി 50000 തട്ടിയെടുത്തു 

ബെംഗളൂരു: വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തി അര ലക്ഷം രൂപ കവർന്നതായി പരാതി.

ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പോലീസുകാരും ചേർന്നാണ് 34കാരനെ തടങ്കലില്‍ വെച്ച്‌ ഭീഷണിപ്പെടുത്തി പണം കവർന്നത്.

പിന്നീട് സംഘത്തിന്റെ പിടിയില്‍ നിന്ന് മോചിതനായ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മതികേരെ സ്വദേശിയായ റിയ‌ല്‍ എസ്റ്റേറ്റ് ഏജന്റ് കുറച്ച്‌ നാളായി തനിക്ക് വേണ്ടി വിവാഹാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ പരിചയമുള്ള ഒരു സ്ത്രീയെ കണ്ടപ്പോള്‍ തനിക്ക് ചേരുന്ന വിവാഹാലോചനകള്‍ വല്ലതും ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് പറ‌ഞ്ഞിരുന്നു.

ഈ സ്ത്രീയാണ് താൻ ഒരു പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനോട് ഹെബ്ബാളിലെത്താൻ നിർദേശിച്ചത്.

ഒരു ബന്ധു അവിടെയെത്തി യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് അറിയിച്ചു.

പറഞ്ഞത് പോലെ യുവാവ് ഹെബ്ബാളിലെത്തി. അവിടെ നിന്ന് ഗുഡ്ഡഡഹള്ളിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ട് സ്ത്രീകളാണ് ഈ വീട്ടിലുണ്ടായിരുന്നത്.

ഇവർ ആദ്യം യുവാവിനെക്കുറിച്ചും കുടുംബത്തിലെ മറ്റ് വിവരങ്ങളുമെല്ലാം അന്വേഷിച്ചു.

വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകളിലൊരാളായ വിജയ, കുറച്ച്‌ കഴിഞ്ഞപ്പോള്‍ 1200 രൂപ കടം ചോദിച്ചു. ഒരു അത്യാവശ്യത്തിനാണെന്നും ഉടനെ തിരിച്ചു തരാമെന്നും പറ‌ഞ്ഞാണ് ഓണ്‍ലൈനായി പണം ട്രാൻസ്ഫർ ചെയ്ത് വാങ്ങിയത്.

പുറത്തേക്ക് പോയ വിജയ അല്‍പ സമയം കഴിഞ്ഞ് തിരിച്ചെത്തി, വാതില്‍ അടച്ചു. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഇവിടേക്ക് ഇരച്ചുകയറി.

തങ്ങള്‍ പോലീസുകാരാണെന്ന് സാധാരണ വേഷം ധരിച്ച രണ്ട് പുരുഷന്മാരും പരിചയപ്പെടുത്തി.

യുവാവ് ഇവിടെ പെണ്‍വാണിഭം നടത്തുകയാണെന്ന് ആരോപിച്ച്‌ അടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ വിടാമെന്ന് വാഗ്ദാനവും നല്‍കി.

വൈകുന്നേരം 4.30ഓടെ ആകെയുണ്ടായിരുന്ന 50,000 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുത്തതിന് ശേഷം യുവാവിനെ വിട്ടയച്ചു.

ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പിന്നീട് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് യുവാവ് പോലീസ് സ്റ്റേഷിനെത്തി പരാതി നല്‍കിയത്.

പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ തന്നെ, എല്ലാവരും തട്ടിപ്പുകാരാണെന്നും പോലീസുകാരാണെന്നത് വെറുതെ പറഞ്ഞതാണെന്നും കണ്ടെത്താൻ കഴിഞ്ഞു.

യുവാവിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ്.

അതിന് ശേഷം തട്ടിപ്പ് സംഘത്തെ കണ്ടെത്തുമെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us