ഡൽഹി: വിഖ്യാത ചിത്രകാരൻ എംഎഫ് ഹുസൈന്റെ 2 പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകയായ അമിത സച്ദേവ നൽകിയ പരാതിയിലാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാഹൽ മോൻഗ ഉത്തരവിട്ടത്.
ജൻപഥ് റോഡിലെ ഡൽഹി ആർട്ട് ഗാലറിയിൽ (ഡാഗ്) കഴിഞ്ഞ മാസം എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു.
ഇതിൽ ഉൾപ്പെട്ട ചിത്രങ്ങൾക്കെതിരെ പ്രദർശനത്തിന്റെ ഫോട്ടോ ഉൾപ്പെടെ ഡിസംബർ 9നു അമിത പാർലമെന്റ് സ്ട്രീറ്റ് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഗാലറിയിലെത്തി പരിശോധന നടത്തിയെങ്കിലും ചിത്രങ്ങൾ കണ്ടെത്തിയില്ല. പിന്നാലെ ഡിസംബർ 12നു പരാതിക്കാരി പട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി പൊലീസിനു നിർദ്ദേശം നൽകി.
അതിനിടെ ഉത്തരവിനെതിരെ ഡാഗ് അധികൃതർ രംഗത്തെത്തി. പ്രദർശനം കാണാൻ അയ്യായിരത്തിനു മുകളിൽ ആളുകൾ എത്തി.
ഇവരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ പരാതി നൽകിയത്. എംഎഫ് ഹുസൈൻ വരച്ച ചിത്രങ്ങൾ നേരത്തെയും വിവാദമായിട്ടുണ്ട്.
2006ൽ വരച്ച സരസ്വതി ദേവിയുമായി ബന്ധപ്പെട്ട ചിത്രം വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.