ബെംഗളൂരു: ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും എല്ലാ രംഗത്തും വ്യാപകമായതോടെ വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ചുള്ള ആശങ്കകളും വർധിച്ചു.
ഇപ്പോഴിതാ ബെംഗളൂരു നിന്നുള്ള ഒരു യുവതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച തന്റെ അനുഭവം ഇത്തരത്തിലെ ആശങ്കകള്‍ വർദ്ധിപ്പിക്കുന്നതാണ്.
താനുമായി ബന്ധം അവസാനിപ്പിച്ച് പിരിഞ്ഞുപോയ മുൻ കാമുകൻ തന്റെ എല്ലാ വിവരങ്ങളും അപ്പപ്പോള്‍ അറിയുന്നു എന്നായിരുന്നു യുവതിയുടെ പോസ്റ്റ്.
ബംബ്ള് ഡേറ്റിങ് അപ്പിലൂടെയാണ് യുവതി ഒരു യുവാവിനെ പരിചയപ്പെടുന്നത്.
ഒരു ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍. പിന്നീട് ബന്ധം അവസാനിപ്പിച്ചു.
എന്നാല്‍ തന്റെ ഫുഡ് ഡെലിവറി ആപ്പിലെ അക്കൗണ്ട് വിവരങ്ങള്‍ ചോർത്തിയെടുത്ത് ഓരോ സമയത്തും താൻ പോകുന്ന സ്ഥലങ്ങളും താമസിക്കുന്ന വിലാസങ്ങളും മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ ഇയാള്‍ മനസിലാക്കുന്നു എന്നാണ് യുവതിയുടെ ആരോപണം.
ബന്ധം അവസാനിപ്പിച്ച ശേഷം ആദ്യമൊക്കെ സംസാരിക്കുമ്പോള്‍ അർദ്ധരാത്രി ഭക്ഷണം ഓർഡർ ചെയ്യുന്നതിനെക്കുറിച്ചും വാരാന്ത്യങ്ങളിലെ യാത്രകളെക്കുറിച്ചുമെല്ലാം ചോദിച്ചു തുടങ്ങി.
പിന്നീട് കൂടുതല്‍ വിശദമായ വിവരങ്ങള്‍ നിരത്തി ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴാണ് സംശയം തോന്നിയത്.
രാത്രി രണ്ട് മണിക്ക് സ്വന്തം താമസ സ്ഥലത്തല്ലാതെ വേറെ ഒരിടത്തേക്ക് എന്തിന് ഭക്ഷണം ഓർഡർ ചെയ്യുന്നുവെന്നും, ഇപ്പോള്‍ എന്തിന് ആ സ്ഥലത്ത് പോയതെന്നുമൊക്കെയുള്ള ചോദ്യങ്ങളായി.
ചെന്നൈയില്‍ പോയത് എന്തിനാണെന്നും ചോക്ലേറ്റ് ഓർഡർ ചെയ്യുന്നുണ്ടല്ലോ പീരിഡ്സ് ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും വരാൻ തുടങ്ങി.
എല്ലാ വിവരങ്ങളും ഇയാള്‍ മനസിലാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ചെന്നും ഒടുവില്‍ ഫുഡ് ഡെലിവറി ആപ്പില്‍ നിന്നുള്ള വിവരങ്ങളാണ് കിട്ടുന്നതെന്ന് മനസിലാക്കിയെന്നും യുവതി പറയുന്നു.
എന്നാല്‍ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർ ഉള്‍പ്പെടെ മറുപടി നല്‍കുന്നത്.
കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടെന്നും ഒരു ജീവനക്കാരൻ വിചാരിച്ചാല്‍ സ്ഥിരമായി ഒരാളുടെ വിവരങ്ങള്‍ ചോർത്തിയെടുക്കാൻ കഴിയില്ലെന്നുമൊക്കെയാണ് അവർ നല്കുന്ന വിശദീകരണം.
അത്തരത്തില്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ പോലും അത് കണ്ടെത്താനും കർശന നടപടിയെടുക്കാനും കഴിയുന്ന സംവിധാനങ്ങള്‍ മിക്കവാറും കമ്പനികള്‍ക്കെല്ലാം ഉണ്ടെന്നും ഐടി രംഗത്തുള്ളവർ പറയുന്നുണ്ട്.
എന്നാല്‍ ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ ജോലി ചെയ്തിരുന്നയാളില്‍ നിന്ന് സമാനമായ അനുഭവമുണ്ടായതായി മറ്റൊരാളും പറയുന്നുണ്ട്.
വിലാസങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ച് അത് ദുരുപയോഗം ചെയ്ത അനുഭവമാണ് അവർ വിശദീകരിക്കുന്നത്.
പല ആവശ്യങ്ങള്‍ക്ക് പല ഓണ്‍ലൈൻ അധിഷ്ഠിത സേവന ദാതാക്കള്‍ക്കും പ്ലാറ്റ്ഫോമുകള്‍ക്കുമൊക്കെ വ്യക്തി വിവരങ്ങളും സാമ്പത്തിക വിവരങ്ങളും കൈമാറുമ്പോള്‍ അവ എന്തിനൊക്കെ ഉപയോഗിക്കപ്പെടുന്നു എന്ന് മനസിലാക്കാൻ സാധിക്കാത്തത് പ്രധാന പ്രശ്നമാണെന്നും പലരും അഭിപ്രായപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.