കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം; 100 ഹൈടെക്  മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വരുന്നു

ബെംഗളൂരു : കർണാടകത്തിൽ കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം ലക്ഷ്യമിട്ട് 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പുറത്തിറക്കാനൊരുങ്ങി തൊഴിൽവകുപ്പ്.

ഇതിനുള്ള വാഹനങ്ങളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി സർക്കാർ ടെൻഡർ ക്ഷണിച്ചു. ഓരോ ജില്ലയ്ക്കും മൂന്ന് ആംബുലൻസുകൾവീതം ലഭിക്കും. വലിയ ജില്ലകൾക്ക് മൂന്നിൽ കൂടുതൽ ലഭിച്ചേക്കും.

ഓരോ ആംബുലൻസിലും എം.ബി.ബി.എസ്. ഡോക്ടർമാരുൾപ്പെടെ പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കൽ സംഘമുണ്ടാകും.

അടിയന്തരസാഹചര്യമുണ്ടായാൽ തൊഴിലാളികളെ ഈ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലെത്തിക്കും.

യാത്രയ്ക്കിടയിൽ വാഹനത്തിൽവെച്ച് അത്യാവശ്യ ചികിത്സയ്ക്ക് സൗകര്യമുണ്ടാകും. ബോഡി ഇംപെഡൻസ് അനലൈസർ, ബ്ലഡ്പ്രഷർ മോണിറ്റർ, തെർമോമീറ്റർ, ഡിജിറ്റൽ സ്റ്റെതസ്‌കോപ്പ്, ഹീമോഗ്ലോബിൻ മീറ്റർ, യൂറിൻ അനലൈസർ, ഡോക്യുമെന്റ് സ്കാനർ, ആൻഡ്രോയിഡ് ടാബ്‌ലറ്റ് തുടങ്ങിയ 25 ഉപകരണങ്ങൾ ആംബുലൻസിൽ ഉണ്ടാകും. എച്ച്.ഐ.വി., ഡെങ്കി, ചിക്കുൻഗുനിയ ഉൾപ്പെടെ മുപ്പതോളം പരിശോധനകൾക്കും ആംബുലൻസിൽ സൗകര്യമുണ്ടാകും.

നിർമാണത്തൊഴിലാളികളുടെ ആശ്രിതർക്കും ചികിത്സാ സൗകര്യം ലഭിക്കും. ചികിത്സ ലഭിക്കാൻ രോഗികൾ അവരുടെ ആയുഷ്മാൻ ഭാരത് കാർഡ് ഹാജരാക്കണം. 2022-23 ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് 2022 ഡിസംബറിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അനുമതി നൽകിയിരുന്നു.

ആയിരക്കണക്കിന് നിർമാണത്തൊഴിലാളികൾക്ക് ഗുണം ലഭിക്കുന്നതായിരിക്കും ഈ പദ്ധതി. നിർമാണസ്ഥലത്തുണ്ടാകുന്ന അപകടങ്ങളിൽപ്പെട്ട് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഒട്ടേറെ തൊഴിലാളികൾ മരിച്ചിട്ടുണ്ട്. മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓരോ ജില്ലയിലും മൂന്ന് ആംബുലൻസുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us