ബെംഗളൂരു : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കർണാടക നൂറുവീടുകൾ നിർമിച്ചുനൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി.
കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും വിമർശിച്ചു.
കർണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘‘അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ” അദ്ദേഹം ചോദിച്ചു.
പ്രളയം ബാധിച്ച ഉത്തരാഖണ്ഡ് പോലെയുള്ള മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ സിദ്ധരാമയ്യ തയ്യാറാകുമോയെന്നും ചോദിച്ചു.
സംസ്ഥാനത്തിന്റെ പണം യജമാനന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് സിദ്ധരാമയ്യ മറുപടിനൽകണമെന്നും അദ്ദേഹം ‘എക്സി’ൽ ആവശ്യപ്പെട്ടു.
ദുരന്തത്തിൽ കേരളത്തോടൊപ്പം കർണാടക നിൽക്കുമെന്നും ദുരിതബാധിതർക്കായി നൂറുവീട് നിർമിക്കുമെന്നും ശനിയാഴ്ച സിദ്ധരാമയ്യ അറിയിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.