കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ് രതീഷ് എന്ന മത്സരാർത്ഥി.
ആദ്യ ദിവസം മുതല്‍ ആവശ്യത്തിനും അനാവശ്യത്തിനും തർക്കം പിടിച്ചും എല്ലാ വിഷയങ്ങളിലും ഇടപെട്ടുമെല്ലാം രതീഷ് ജനശ്രദ്ധ പിടിച്ചു പറ്റിയെന്നു പറയാം.
ഇതോടെ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായി രതീഷ് വന്നേക്കുമെന്നും ഒരുപക്ഷേ 100 ദിവസം തികച്ച് കപ്പടിക്കാനുള്ള സാധ്യത വരെ ഉണ്ടെന്നുമടക്കമുള്ള പ്രവചനങ്ങള്‍ ഉയരുന്നുണ്ട്.
അതിനിടയില്‍ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ് ഹൗസില്‍ നിന്നും ഇറങ്ങാൻ ഒരുങ്ങുന്ന രതീഷിന്റെ പ്രമോ വിഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രണ്ട് ബാഗുകളും കൈയ്യില്‍ പിടിച്ച് പ്രധാന വാതിലിന് മുന്നില്‍ നില്‍ക്കുകയാണ് താരം.
വീടിനകത്ത് വെച്ച് താൻ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ ഈ ഷോയില്‍ നിന്നും പുറത്ത് പോകാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സിജോയോട് രതീഷ് പറഞ്ഞിരുന്നു.
ഒരു വാക്ക് തർക്കത്തിനിടെയായിരുന്നു ഇത്.
ഇപ്പോള്‍ സുരേഷ് മേനോനുമായുള്ള തർക്കത്തിനെ ചൊല്ലിയാണ് രതീഷ് പുറത്തേക്ക് പോകാൻ ഒരുങ്ങുന്നതെന്നാണ് പ്രമോയില്‍ കാണിക്കുന്നത്.
പ്രമോയില്‍ സുരേഷ് മേനോനും രതീഷും തമ്മില്‍ തർക്കിക്കുന്നത് കാണാം.
സുരേഷ് സംസാരിക്കുന്നതിനിടയില്‍ രതീഷ് കയറി ഇടപെടുകയായിരുന്നു.
എന്നാല്‍ താൻ സംസാരിക്കുന്നത് പൂർത്തിയാക്കട്ടെയെന്നും മിണ്ടാതിരിക്കണമെന്നും സുരേഷ് പറഞ്ഞു.
അത് കേള്‍ക്കാതെ വീണ്ടും രതീഷ് സംസാരിച്ച് തുടങ്ങിയതോടെ മിണ്ടാതിരിക്കെന്ന് രതീഷ് തുറന്നടിച്ചു.
അതിന് രതീഷ് തയ്യാറാകാതിരുന്നതോടെ സുരേഷ് രതീഷിനടുത്തേക്ക് പോകുകയും ഇരുവരും തമ്മില്‍ വലിയ തർക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുമായിരുന്നു.
മത്സരാർത്ഥികളെല്ലാം ഇരുവരേയും പിടിച്ച് വെക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തുന്നതും പ്രമോയില്‍ കാണാം.
ഇതിനൊക്കെ പിന്നാലെയാണ് ബിഗ് ബോസ് താൻ ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് രതീഷ് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നത്.
വസ്ത്രങ്ങളെല്ലാം എടുത്ത് ബാഗ് പാക്ക് ചെയ്യുകയാണ് രതീഷ്.
പിന്നാലെ വീടിന് പ്രധാന വാതിലിന് മുന്നില്‍ തന്റ് രണ്ട് ബാഗുമായി നില്‍ക്കുന്നതും പ്രമോയില്‍ കാണാനാകും.
ഇതോടെ ബിഗ് ബോസില്‍ നിന്നും രതീഷ് പുറത്തേക്ക് പോകുമോയെന്ന ചർച്ച ആരാധകർക്കിടയില്‍ സജീവമായിക്കഴിഞ്ഞു.
വെറുതെ രതീഷിന്റെ നാടകം മാത്രമായിരിക്കും ഇതെന്നാണ് ചിലർ പറയുന്നത്.
ചിലരാകട്ടെ അത്തരമൊരു പുറത്ത് പോകല്‍ നടന്നാല്‍ അത് സീസണ്‍ 6 ലെ വലിയ ട്വിസ്റ്റായി മാറുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.