ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിന് തിരിച്ചടി.
അധികനികുതി ഈടാക്കാനുള്ള തീരുമാനം ഇന്നലെ വൈകിട്ട് നടന്ന സംസ്ഥാന നിയമസഭാ കൗൺസിലിൽ പരാജയപ്പെടുകയായിരുന്നു.
ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് 10 ശതമാനം അധികനികുതി ഏർപ്പെടുത്താനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കമാണ് പൊളിഞ്ഞത്.
സംസ്ഥാന നിയമസഭയിൽ ബിൽ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് നിയമസഭാ കൗൺസിലിൽ പരാജയപ്പെട്ടത്.
കർണാടകയിലെ നിയമനിർമ്മാണ സമിതിയിലോ ഉപരിസഭയിലോ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനുള്ളതിനേക്കാൾ കൂടുതൽ സംഖ്യ ബിജെപി നയിക്കുന്ന എൻഡിഎയ്ക്കാണുള്ളത്.
അതിനാൽ തന്നെ വോട്ടിങ്ങിനിടെ ബിൽ പരാജയപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം സർക്കാർ പാസാക്കിയ ബിൽ അനുസരിച്ച് ഒരു കോടി രൂപയിൽ അധികം വരുമാനമുള്ള ക്ഷേത്രത്തിൽ 10 ശതമാനം അധിക നികുതിയും 10 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വരുമാനമുള്ള ക്ഷേത്രങ്ങൾക്ക് അഞ്ച് ശതമാനം അധികനികുതിയും ഏർപ്പെടുത്താനാണ് തീരുമാനമായത്.
ബിൽ അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കോൺഗ്രസ് നീക്കം ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു.
ബിൽ പാസാക്കുന്നതിലൂടെ ഹിന്ദുവിരുദ്ധ നയങ്ങളിൽ സർക്കാർ പങ്കാളികളാകുകയാണെന്നും ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുമെന്നും ബിജെപി ആരോപിച്ചിരുന്നു.
മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ ഒഴിവാക്കി സംസ്ഥാന സർക്കാർ ഹിന്ദു ആരാധനാലയങ്ങളിൽ നിന്നു മാത്രം എന്തുകൊണ്ടാണ് വരുമാനം ശേഖരിക്കുന്നതെന്ന് ബിജെപി കർണാടക അധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ ചോദിച്ചു.
സർക്കാർ എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം കണ്ണുവയ്ക്കുന്നത് എന്നാണ് ലക്ഷണക്കിന് ഭക്തരുടെ സംശയമെന്നും അദ്ദേഹത്തിന്റെ എക്‌സിലെ പോസ്റ്റിൽ ചോദിക്കുന്നു.
സഭയിൽ ബിൽ പാസായതിന് ശേഷം, എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങൾ മാത്രം പരിശോധിക്കുന്നുവെന്നും മറ്റ് മതങ്ങളുടെ വരുമാനം പരിശോധിക്കുന്നില്ലെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ ചോദിച്ചു.
അതേസമയം, ബിൽ വിവാദമായതിന് പിന്നാലെ തന്നെ ബിജെപിയേയും പ്രതിപക്ഷ പാർട്ടികളേയും വിമർശിച്ച് സംസ്ഥാന മന്ത്രിമാരും രംഗത്തുവന്നിരുന്നു.
ബിജെപിയാണ് യഥാർത്ഥ ഹിന്ദു വിരുദ്ധരെന്നും 2003ൽ അവതരിപ്പിക്കപ്പെട്ട ബില്ലിൽ 2011ൽ ഭേദഗതികൾ വരുത്തിയിരുന്നുവെന്നും അന്ന് അവർ ഭേദഗതിയെ അംഗീകരിച്ചിരുന്നുവെന്നും മന്ത്രിമാർ വാദിച്ചു.
ക്ഷേത്രങ്ങളിൽ നിന്നും നികുതിയായി ഈടാക്കുന്ന പണം സർക്കാർ എടുക്കില്ലെന്നും ‘ധർമിക് പരിഷത്’ പ്രവർത്തനങ്ങൾക്ക് വേണ്ടി അത് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൂജാരിമാരെ സഹായിക്കുന്നതിനും, സി ഗ്രേഡ് ക്ഷേത്രങ്ങളുടെ ഉന്നമനത്തിനും, ക്ഷേത്രപൂജാരിമാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കൽ എന്നിവയെല്ലാം ധാർമിക പരിഷത്തിന്റെ ലക്ഷ്യങ്ങളാണെന്ന് മന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.