ബെംഗളൂരു : കർണാടകത്തിലെ ജനവാസകേന്ദ്രങ്ങളിൽനിന്ന് പിടികൂടിയ 23 ആനകളിലൊന്നാണ് തണ്ണീർ കൊമ്പൻ.
ഹാസൻ, ശക്‌ലേഷ്‍പുര മേഖലകളിൽനിന്നാണ് ഈ ആനകളെ പിടികൂടിയത്. നിരന്തരം ജനവാസകേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന ആനകളെയാണ് വനംവകുപ്പ് പിടികൂടിയത്.
ഇതിൽ കൂടുതൽ പ്രശ്നക്കാരായ ആനകളെ കുങ്കിയാനകളാക്കാനുള്ള പരിശീലനത്തിന് വിവിധ ക്യാമ്പുകളിലേക്ക് അയച്ചിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങളിലിറങ്ങുകയും എന്നാൽ, ശാന്തസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത ആനകളെയാണ് തിരികെ ഉൾക്കാട്ടിലേക്ക് അയയ്ക്കുന്നത്.
അത്തരമൊരു ആനയായിരുന്നു തണ്ണീർ കൊമ്പൻ. കൃഷിയിടങ്ങളിലിറങ്ങി ജലസേചനത്തിനുള്ള പൈപ്പുകൾ പൊട്ടിക്കുന്നതുകൊണ്ടാണ് തണ്ണീർ എന്ന വിളിപ്പേര് ആനയ്ക്ക് ലഭിച്ചത്.
മാനന്തവാടിയിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ ‘തണ്ണീർക്കൊമ്പൻ’ എന്ന ആന ബന്ദിപ്പുരിൽ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ. ആന ചരിഞ്ഞത് നിർഭാഗ്യകരമായ സംഭവമാണ്.
ഇതേപ്പറ്റി അന്വേഷിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോട്ട് വരാൻ കാത്തിരിക്കുകയാണ്.
റിപ്പോർട്ട് ലഭിച്ചശേഷം ഏതെങ്കിലുംതരത്തിലുള്ള വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 16-ന് ഹാസനിലെ ബേലൂരിൽനിന്ന് കർണാടക വനംവകുപ്പ് പിടികൂടി പിന്നീട് മൂലഹൊള്ള വനമേഖലയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്.
കൃഷിയിടത്തിലെത്തിയ ആനയെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.
അതേസമയം, മാനന്തവാടിയിൽനിന്ന് തണ്ണീർക്കൊമ്പനെ രാമപുര ക്യാമ്പിലെത്തിച്ചത് കേരള, കർണാടക വനംവകുപ്പുകളുടെ ഏകോപനത്തോടെയെന്ന് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (പി.സി.സി.എഫ്.) സുഭാഷ് മാൽഖഡെ പറഞ്ഞു.
ആൾക്കൂട്ടത്തിനിടയിൽനിന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നത് എളുപ്പമല്ലെന്നും സംഭവത്തിൽ ഉദ്യോഗസ്ഥരെ പഴിക്കാൻകഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പുരിൽ വിട്ടയച്ച ആന കബനീനദി കടന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.
ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങൾ പരസ്പരബന്ധിതമായതിനാൽ ഇവിടെനിന്ന് ആന നാഗർഹോളെ വഴി മാനന്തവാടിയിലേക്ക് നീങ്ങി.
അതേസമയം, വന്യമൃഗങ്ങളെ ഒരു സംസ്ഥാനത്തിന്റെയും ഭാഗമായി കാണാൻ കഴിയില്ലെന്നാണ് കർണാടക വനംവകുപ്പിന്റെ നിലപാട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.