ബെംഗളൂരു: സിം ബോക്‌സ് തട്ടിപ്പ് തടഞ്ഞു കൊണ്ട് ബെംഗളൂരുവിൽ നിന്നും രണ്ട് അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സ്ഥാപിച്ച ആറംഗ സംഘത്തെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര കോളുകളെ പ്രാദേശിക കോളുകൾ പോലെയാക്കി, ടെലികോം കമ്പനികൾക്ക് വിലയേറിയ വരുമാനം നഷ്ടപ്പെടുത്തി തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ് ചെയ്‌തത്. വ്യത്യസ്‌ത കേസുകളിലായി നാലുപേരെ ബെംഗളൂരുവിൽനിന്നും രണ്ടുപേരെ കേരളത്തിൽനിന്നുമാണ് പിടികൂടിയത്.
സംഘത്തിൽ നിന്ന് 17 സിം ബോക്‌സുകൾ, രണ്ട് സെഷൻ ഇനിഷ്യേഷൻ പ്രോട്ടോക്കോൾ (എസ്‌ഐപി) ട്രങ്ക് കോൾ ഉപകരണങ്ങൾ, ഒമ്പത് പ്രൈമറി റേറ്റ് ഇന്റർഫേസ് (പിആർഐ) ഉപകരണങ്ങൾ, അഞ്ച് ലാപ്‌ടോപ്പുകൾ, രണ്ട് ഡെസ്‌ക്‌ടോപ്പുകൾ, ഒമ്പത് മൊബൈൽ ഫോണുകൾ, ആറ് റൂട്ടറുകൾ, 205 ബിഎസ്എൻഎൽ സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തട്ടുണ്ട്. ബെംഗളൂരു സ്വദേശി രവിചന്ദ്ര എറണാകുളത്ത് നിന്നും മലപ്പുറത്ത് നിന്നും ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സുബൈർ, മനു എം.എം, ഇസ്മായിൽ അബ്ദുല്ല, ജൗഹർ ഷെരീഫ്, ഷാഹിർ എന്നിവരാണ് പിടിയിലായ പ്രതികൾ.
സുബൈറിനെയും ഇസ്മായിലിനെയുമാണ് സൂത്രധാരന്മാരായിൽ പോലീസ് വിശേഷിപ്പിച്ചത്. മെയ് 18 ന് രജിസ്റ്റർ ചെയ്ത കേസിൽ രവിചന്ദ്ര, സുബൈർ, മനു എന്നിവരെ അറസ്റ്റ് ചെയ്തപ്പോൾ, ടെലികമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി വെർട്ടിക്കൽസ് മന്ത്രാലയത്തിന്റെ കമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ പരാതിയെ തുടർന്നാണ് ബാക്കിയുള്ളവർ പിടിയിലായത്.
അനധികൃത ടെലിഫോൺ എക്‌സ്‌ചേഞ്ച് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുയർത്തുന്നതിനൊപ്പം വകുപ്പിന് നഷ്‌ടമുണ്ടാക്കിയതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന തട്ടിപ്പ് ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഫോൺ വിളിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ പ്രവാസികളെ വിപണനം ചെയ്യുകയായിരുന്നു. വൺവേയാണ് കോളുകൾ ചെയ്യാൻ സാധിക്കുന്നത് ഇതിലേക്ക് സ്വീകർത്താവിന് തിരികെ വിളിക്കാൻ കഴിയില്ല.
സംഘം ഇന്ത്യയിൽ ഇറങ്ങുന്ന അന്താരാഷ്ട്ര കോളുകൾ പരിവർത്തനം ചെയ്യുകയും മുൻകൂട്ടി സജീവമാക്കിയ സിം കാർഡുകൾ മൊത്തമായി വാങ്ങുകയുമാണ് ചെയ്തിരുന്നതെന്ന് സിറ്റി പോലീസ് മേധാവി സിഎച്ച് പ്രതാപ് റെഡ്ഡി പറഞ്ഞു. ഏകദേശം 400 സിം കാർഡുകൾ 16 സിം ബോക്സുകളിൽ പ്ലഗ് ചെയ്ത് 8,000 മണിക്കൂർ സംസാര സമയം ലോക്കൽ കോളുകളാക്കി മാറ്റി. ഒരു പിആർഐ ലൈനിൽ, ഏകദേശം 30 നമ്പറുകൾ പ്ലഗ് ചെയ്യുകയും 720 മണിക്കൂർ സംസാര സമയം പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സിം കാർഡുകൾ എങ്ങനെയാണ് ഇഷ്യൂ ചെയ്തതെന്നും എസ്ഐപി ട്രങ്ക് കോളും മറ്റ് ഉപകരണങ്ങളും വാങ്ങിയ ഉപഭോക്താക്കളുടെ ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ ടെലികോം സേവന ദാതാവ് എന്ത് നടപടിക്രമം പാലിച്ചുവെന്നും സിസിബി അന്വേഷിക്കും. സംഘത്തെ സഹായിച്ചവർക്കെതിരെ നടപടിയെടുക്കുന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.