ബെംഗളൂരു: ബെംഗളൂരു സ്‌ഫോനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസിര്‍ മഅ്ദനി തടവിലായിട്ട് നാളേക്ക് 12 വര്‍ഷം.
2010 ലെ റമദാന്‍ 17 നാണ് കേരള പോലിസിന്റെ സഹായത്തോടെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്‍വാറുശ്ശേരിയില്‍ വച്ച് മഅ്ദിനിയെ അറസ്റ്റു ചെയ്തത്.
2008 ജൂലൈ 25 നു നടന്ന ബെംഗളൂരു സ്‌ഫോടനത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. സ്‌ഫോടന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാണ് കേസ്. കേസില്‍ മുപ്പത്തിയൊന്നാം പ്രതിയാണ് മഅ്ദനി.
മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയേണ്ടതിന്റെ 50 മിനിറ്റ് മുന്‍പാണ് കേരള പോലിസിന്റെ ഒത്താശയോടെ അത്യന്തം നാടകീയമായി ബദര്‍ ദിനത്തില്‍ അര്‍വാര്‍ശ്ശേരിയില്‍ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളക്കേസില്‍ മഅ്ദനിയെ നാടു കടത്താന്‍ കൂട്ടു നില്‍ക്കില്ലെന്ന് അവസാന സമയം വരെ ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ ചാനലുകളില്‍ ലൈവായി നോക്കി നില്‍ക്കെയാണ് കൊല്ലം ജില്ലാ പോലിസ് മേധാവി മഅ്ദനിയെ കര്‍ണാടക പോലിസിന് അന്നു പിടിച്ചു കൊടുത്തത്.
മഅ്ദനിയടക്കം 20 പേരാണ് വിചാരണ നേരിടുന്നത്. 11 പേരെ ഇതുവരെയും പിടി കിട്ടിയില്ല. ബെംഗളൂരു നഗരത്തിന്റെ എട്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഒരിടത്ത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെടുത്തു.
ഒന്‍പതു പ്രത്യേക കേസുകളായാണ് വിചാരണ. കേസുകള്‍ ഒരുമിച്ച് ഒരു കേസാക്കാമെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയിട്ടും കര്‍ണാടക സര്‍ക്കാര്‍ വഴങ്ങിയില്ല. കേസ് എളുപ്പം തീര്‍പ്പാവരുത് എന്ന നിഷേധാത്മക നിലപപാടിലാണ് അന്നും ഇന്നും പ്രോസിക്യൂഷന്‍.
ഈ മാസം 23 ന് അന്തിമ വാദം ആരംഭിക്കുമെന്നാണ് അറിയിച്ചതെന്ന് കേസ് ചുമതലയുള്ള ബെംഗളൂരുവിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. പി ഉസ്മാന്‍ അറിയിച്ചു.
2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈകോടതി മഅ്ദനിയുടെ ആദ്യ ജാമ്യാപേക്ഷ നിരസിച്ചു.
പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
ബെംഗളൂരു തടവറയിലെ 12 വര്‍ഷത്തിനിടെ മഅ്ദനിയുടെ ആരോഗ്യ നില പല ഘട്ടങ്ങളിലും അതീവ സങ്കീര്‍ണ്ണമായി. നിരവധി തവണകളിലായി മാസങ്ങളോളം ആശുപത്രികളിലാണ് അദ്ദേഹം കഴിച്ചു കൂട്ടിയത്. പത്തു ദിവസം മുന്‍പ് രക്ത സമ്മര്‍ദ്ധം കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാനെ രണ്ടു ദിവസം മുന്‍പാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.