ബെംഗളൂരു: ചൊവ്വാഴ്ച പുലർച്ചെ ജെജെ നഗറിൽ വെച്ചുണ്ടായ വാക്ക്‌തർക്കത്തിൽ 22 കാരനായ യുവാവ് കൊല്ലപ്പെട്ടു. മൈസൂർ റോഡിലെ ജയ്ഭീം നഗറിലെ താമസക്കാരനായ ചന്ദ്രുവും മറ്റ് കുറച്ച് സുഹൃത്തുക്കളും തന്റെ സുഹൃത്ത് സൈമണിന്റെ ജന്മദിനം ആഘോഷിക്കാൻ ഒത്തുകൂടി. പുലർച്ചെ 12 മണിയോടെ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ഇവർ മദ്യം കഴിക്കുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രു സൈമണിനോട് ഒരു ചിക്കൻ റോൾ വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ സമയം അർദ്ധരാത്രി കഴിഞ്ഞെന്നും ചിക്കൻ റോൾ വിൽക്കുന്ന ഹോട്ടലുകളെല്ലാം അടച്ചെന്നും ചന്ദ്രുവിന്റെ സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് ചന്ദ്രുവും സൈമണും കെആർ മാർക്കറ്റ് ഏരിയ, ടൗൺ ഹാൾ, ചാമരാജ്പേട്ട്, കോട്ടൺപേട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾ അന്വേഷിച്ച് പുലർച്ചെ 2.30 ഓടെ ജെജെ നഗറിലെത്തി. ഇതിനിടെ പഴയ ഗുഡ്ഡഡഹള്ളി സ്വദേശി ഷാഹിദ് പാഷ (21) സഞ്ചരിച്ച സ്‌കൂട്ടർ ചന്ദ്രുവിന്റെ ബൈക്കുമായി കൂട്ടിഇടിച്ചു.
ഇതെ തുടർന്ന് ചന്ദ്രുവും പാഷയും തമ്മിൽ തർക്കമുണ്ടായി. വാക്ക്‌തർക്കം രൂക്ഷമായതോടെ പാഷ കത്തി അഴിച്ച് ചന്ദ്രുവിന്റെ തുടയിൽ കുത്തുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ സൈമൺ ചന്ദ്രുവിനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും 3.30ഓടെ ചന്ദ്രു മരണത്തിന് കീഴടങ്ങി.
ചന്ദ്രുവും പാഷയും തമ്മിൽ ശത്രുത ഇല്ലാതിരുന്നതിനാലും സംഭവത്തിന് മുമ്പ് പരസ്പരം അറിയാത്തതിനാലും ഏറ്റുമുട്ടലുണ്ടായത് അപകടത്തെച്ചൊല്ലി മാത്രമാണെന്ന് പോലീസ് പറഞ്ഞു. പാഷ, ഇയാളുടെ സുഹൃത്തും ഹോസ്‌കോട്ട് സ്വദേശിയുമായ ഷാഹിദ് എന്ന ഗൂലി (22), മറ്റൊരു 17 കാരനായ സുഹൃത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവേ ഡിപ്പാർട്ട്‌മെന്റിൽ അപ്രന്റീസ്ഷിപ്പ് ചെയ്തു വരികയായിരുന്ന ചന്ദ്രുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.